അബൂദബി: റെഡ് സിഗ്നൽ അവഗണിച്ച് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്നുണ്ടായ അപകടത്തിന്റെ വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. ജങ്ഷനിലെത്തിയ എസ്.യുവി വാഹനം റെഡ് സിഗ്നൽ മറികടന്ന് മുന്നോട്ടെടുത്തിനെതുടർന്ന് എതിർദിശയിൽനിന്ന് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയേറ്റ് വാഹനം രണ്ടുതവണ മലക്കം മറിഞ്ഞശേഷമാണ് നിന്നത്. റെഡ് സിഗ്നൽ ലംഘിക്കുന്നത് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുന്നതിനും കാരണമാകുമെന്ന് പൊലീസ് അറിയിച്ചു. വാഹനം വിട്ടുകിട്ടുന്നതിന് അമ്പതിനായിരം ദിർഹം നൽകേണ്ടിവരുമെന്നും മൂന്നുമാസത്തിനകം ഈ പിഴ കെട്ടിയില്ലെങ്കിൽ വാഹനം ലേലം ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി. അശ്രദ്ധമായും അലക്ഷ്യമായുമുള്ള ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റും ലഭിക്കും. കവലകളിൽ വാഹനം നിർത്തുമ്പോൾ ട്രാഫിക് ലൈറ്റിൽ ശ്രദ്ധ നൽകണമെന്നും വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുതെന്നും പൊലീസ് നിർദേശിച്ചു.
അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം യു.എ.ഇയിൽ നടക്കുന്ന അപകട മരണങ്ങളിൽ മൂന്നു ശതമാനം വർധന ഡ്രൈവർമാരുടെ അശ്രദ്ധ മൂലമുണ്ടായതാണെന്ന് തെളിയിക്കുന്നതായും പൊലീസ് അറിയിച്ചു. 2023ൽ 352 റോഡ് അപകടമരണങ്ങളാണ് ഉണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റോഡ് ഗതാഗത സ്റ്റാറ്റിസ്റ്റിക്സ് 2023ൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.