അബൂദബി: എമിറേറ്റിൽ കഴിഞ്ഞ വര്‍ഷം ചുവപ്പ് സിഗ്നല്‍ ലംഘിച്ചതിന് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തത് 2850 ഡ്രൈവര്‍മാരെ. ചുവപ്പ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയില്‍ ലഭിക്കുക കടുപ്പമേറിയ ശിക്ഷയാണ്. എന്നിട്ടും അശ്രദ്ധയും അമിതവേഗതയുംമൂലം നൂറുകണക്കിന് പേരാണ് ചുവപ്പ് സിഗ്നൽ മറികടന്ന് അപകടം ഉണ്ടാക്കുന്നതും ശിക്ഷ വാങ്ങിക്കുന്നതും.
യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ചെറിയ വാഹനങ്ങള്‍ ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ 1000 ദിര്‍ഹമാണ് പിഴ. വലിയ വാഹനങ്ങള്‍ക്ക് 3000 ദിര്‍ഹമാണ് പിഴ ചുമത്തുക. ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റ് ചുമത്തുന്നതിനു പുറമെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കാര്‍ വിട്ടുകൊടുക്കണമെങ്കില്‍ ഉടമ 3000 ദിര്‍ഹം ഒടുക്കണം.
ഗുരുതര നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കണമെങ്കില്‍ 50,000 ദിര്‍ഹം അടക്കണമെന്ന് 2020 സെപ്റ്റംബറില്‍ അബൂദബി നിയമം കൊണ്ടുവന്നിരുന്നു. പിടിച്ചെടുത്ത വാഹനം മോചിപ്പിക്കാന്‍ മൂന്നുമാസത്തിനകം പിഴ കെട്ടിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും. 2021ല്‍ 1762 അപകടങ്ങളുണ്ടായതില്‍ 205 എണ്ണം ചുവപ്പ് സിഗ്നല്‍ ലംഘിച്ചതിനെത്തുടര്ന്നായിരുന്നു. ഇതില്‍ ആറുപേര്‍ മരിക്കുകയും 199 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അശ്രദ്ധമായി വാഹനം ഓടിച്ച് ചുവപ്പ് സിഗ്നൽ മറികടക്കുന്നതിനെതിരെ ശക്തമായ നടപടിയാണ് അബൂദബി പൊലീസ് സ്വീകരിച്ചുവരുന്നത്. നിരവധി വാഹനങ്ങള്‍ ചുവപ്പ് സിഗ്നൽ മറികടന്ന് അപകടം വരുത്തുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടിരുന്നു. ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഫോണില്‍ സംസാരിക്കുക, ഫോട്ടോ എടുക്കുക, കാറില്‍ മറ്റ് ആളുകളുമായി സംസാരിക്കുക തുടങ്ങിയ കാരണങ്ങളാണ് അധികവും അപകടങ്ങള്‍ക്കിടയാക്കുന്നത്. അതിനാല്‍ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ റോഡില്‍ മാത്രമായിരിക്കണമെന്നും ട്രാഫിക് ലൈറ്റുകള്‍ ഏതാണെന്ന് ഉറപ്പുവരുത്തിയേ കടന്നുപോകാവൂ എന്നും പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.