ദുബൈ: ഗസ്സയിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കുന്നതിന് താൽപര്യമുള്ള ആരോഗ്യപ്രവർത്തകരുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി വെള്ളിയാഴ്ച ആരോഗ്യവകുപ്പാണ് പ്രസ്താവനയിൽ അറിയിച്ചത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ‘ഗാലന്റ് നൈറ്റ്-3’ ഓപറേഷന്റെ ഭാഗമായി യു.എ.ഇ ഗസ്സയിൽ ഫീൽഡ് ആശുപത്രി സ്ഥാപിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ആരോഗ്യപ്രവർത്തകർക്ക് സേവനത്തിന് സാഹചര്യമൊരുക്കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ട്.
പേര്, ഫോൺനമ്പർ, എമിറേറ്റ്സ് ഐ.ഡി എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ നൽകണം. ഇതോടൊപ്പം ഗസ്സയിലാണോ ഈജിപ്തിലാണോ, അല്ലെങ്കിൽ രണ്ടിടങ്ങളിലുമാണോ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കണം.
‘ഗാലന്റ് നൈറ്റ് -3’ ഓപറേഷനു കീഴിൽ എമിറേറ്റ്സ് റെഡ് ക്രസന്റ്, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്നിവയുൾപ്പെടെയുള്ള മാനുഷിക സംഘടനകളുമായി ചേർന്നാണ് ആശുപത്രി പ്രവർത്തിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.