ദുബൈ: രണ്ടാഴ്ചയായി റാസൽഖൈമ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്‍റെ (57) മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളെത്തി. മനാഫിന്‍റെ സഹോദരന്‍റെ മകനും മറ്റൊരു ബന്ധുവുമാണ് ബുധനാഴ്ച മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
ഈ മാസം ആറിനാണ് മനാഫിന്‍റെ മൃതദേഹം റാസൽഖൈമയിലെ ഒരു മരച്ചുവട്ടിൽ പൊലീസ് കണ്ടെത്തിയത്. തുടർന്ന് യു.എ.ഇയിലെ മലയാളി സാമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് മരിച്ചത് ആരാണെന്ന് തിരിച്ചറിയാനും ബന്ധുക്കളെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ പൊലീസും ഇന്ത്യൻ കോൺസുലേറ്റും നടത്തി.
സഫ മൻസിൽ, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസം ലഭിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ കണ്ടെത്താനായില്ല. തുടർന്ന് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ചിത്രമടക്കം വാർത്ത നൽകിയതോടെ സഹോദരന്‍റെ മകനും ബന്ധുവും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുമായി ബന്ധപ്പെടുകയും മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. പിതാവ്: ഗഫൂർ, മാതാവ്: റംലത്ത് ബീവി, ഭാര്യ: സുൽഫത്ത് ബീവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.