ദുബൈ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ പ്രചാരണസഭ യു.എ.ഇ 169ാത് ശ്രീനാരായണ ഗുരുദേവ ജയന്തി, ഓണം, ആലുവ അദ്വൈതാശ്രമത്തിന്റെ ശതാബ്ദി, വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി എന്നിവ ആഘോഷിക്കുന്നു. പരിപാടികളുടെ ബ്രോഷർ പ്രകാശനകർമം ഗുരുധർമ പ്രചാരണ സഭയുടെ ചീഫ് കോഓഡിനേറ്റർ കെ.പി. രാമകൃഷ്ണൻ മാത്തുക്കുട്ടി കഡോണിനു നൽകി നിർവഹിച്ചു.
സെപ്റ്റംബർ 10ന് ഞായറാഴ്ച സഫാരി മാൾ ഓഡിറ്റോറിയത്തിൽ ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരു പുഷ്പാഞ്ജലിയോടുകൂടിയാണ് ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക.
ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭംഗാനന്ദ സ്വാമികൾ, മുൻ ജനറൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ, യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ പ്രഭാഷണങ്ങൾ, ഗുരുദേവ കൃതികളുടെ നൃത്താവിഷ്കാരങ്ങൾ, മറ്റു വിവിധ കലാപരിപാടികൾ, പൂക്കളം, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചീഫ് കോഡിനേറ്റർ കെ.പി. രാമകൃഷ്ണൻ, അസി. കോഓഡിനേറ്റർമാരായ ശ്യാം പി. പ്രഭു, സ്വപ്ന ഷാജി, പി.ആർ.ഒ ഉന്മേഷ് ജയന്തൻ, ട്രഷറർ സുഭാഷ് ചന്ദ്ര, ഷാജി വൈക്കം മാതൃസഭയുടെ പ്രസിഡന്റ് ലീന പ്രേം, സെക്രട്ടറി ഷൈല രാജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.