ഓർമയിൽ ആ റേഡിയോക്കാലം; ഒരേയൊരു വെട്ടൂർജിയും

ദുബൈ: ''റേഡിയോ കേൾക്കുന്നവരുടെ മനസ്സിൽ കാഴ്ചകൾ തെളിഞ്ഞുവരണം'' -റേഡിയോ അവതരണ രംഗത്തേക്ക് കടന്നുവരുന്നവർക്ക് വെട്ടൂർ ജി. ശ്രീധരൻ എന്ന പ്രവാസ ലോകത്തിന്‍റെ വെട്ടൂർജി ആദ്യം നൽകിയിരുന്ന ഉപദേശം ഇതാണ്. ഉപദേശിക്കുക മാത്രമല്ല, വിവിധ പരിപാടികളിലൂടെ പ്രവാസി മലയാളികൾക്ക് നാടിന്‍റെ സ്പന്ദനം ഒട്ടും തനിമ ചോരാതെ നൽകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 74ാം വയസ്സിൽ വിടപറയുമ്പോൾ വെട്ടൂർജി ബാക്കിയാക്കുന്നത് പ്രവാസി മലയാളി ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തിയൊരു റേഡിയോക്കാലം കൂടിയാണ്.

പ്രവാസിയായെത്തി നാടകങ്ങളിലൂടെ സജീവമായി, പിന്നീട് റേഡിയോ പ്രക്ഷേപണരംഗത്തെ കുലപതിയായി മാറിയ ജീവിതമാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശിയായ ശ്രീധരന്‍റേത്. രണ്ടു പതിറ്റാണ്ടോളം ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇന്നു ഗൾഫിലെ റേഡിയോ പ്രക്ഷേപണ രംഗത്തു തിളങ്ങിനിൽക്കുന്ന റേഡിയോ പ്രവർത്തകരിൽ പലരുടെയും ഗുരുവും ഗുരുതുല്യനുമായ അദ്ദേഹം കൈപിടിച്ചുയർത്തിയ കലാകാരന്മാരും നിരവധി.

1980ലാണ് അദ്ദേഹം യു.എ.ഇയിലെത്തുന്നത്. ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസ ജീവിതം തുടങ്ങുന്നത്. അക്കാലത്ത് നാടകമെഴുതിയും സംവിധാനം ചെയ്തും അദ്ദേഹം യു.എ.ഇയിലെ നിരവധി വേദികളെ ആവേശം കൊള്ളിച്ചിരുന്നു. 1992ൽ ഗള്‍ഫിലെ ആദ്യ മലയാള റേഡിയോ പ്രക്ഷേപണം റാസല്‍ഖൈമ റേഡിയോ (1152 എ.എം) ആണ് ആരംഭിച്ചത്. അതിന് നേതൃത്വം നൽകിയ കെ.പി.കെ. വെങ്ങര ഉമ്മുല്‍ഖുവൈന്‍ റേഡിയോയിലേക്ക് മാറിയപ്പോഴാണ് 1996ല്‍ വെട്ടൂര്‍ജി റാസല്‍ഖൈമ റേഡിയോയിലെത്തുന്നത്. അന്ന് ഒരുമണിക്കൂർ മാത്രമായിരുന്നു മലയാള പ്രക്ഷേപണം. അതിനെ റേഡിയോ ഏഷ്യ എന്ന 24 മണിക്കൂർ പ്രക്ഷേപണമുള്ള സ്റ്റേഷനായി വളർത്തുന്നതിലും വര്‍ഷങ്ങളോളം ഗള്‍ഫിൽ മലയാളത്തിന്‍റെ ഏക ശബ്ദമായി നിലനിർത്തുന്നതിലും വെട്ടൂർജി വഹിച്ച പങ്ക് വളരെ വലുതാണ്.

കാൽനൂറ്റാണ്ട് മുമ്പ് ഫോൺ-ഇൻ പരിപാടിയൊക്കെ നടത്തിയും സിനിമാപ്പാട്ടുകളും സിനിമ ശകലങ്ങളും ഉൾപ്പെടുത്തി പരിപാടികൾ അവതരിപ്പിച്ചും കാലത്തിനുമുമ്പേ നടക്കാൻ അദ്ദേഹത്തിനായി. രണ്ടു പതിറ്റാണ്ടിലേറെ റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടർ ആയിരുന്ന വെട്ടൂർജി എന്താണ് റേഡിയോ എന്നും റേഡിയോ അവതാരകൻ എങ്ങനെ ആയിരിക്കണമെന്നുമൊക്കെ പുതിയ തലമുറക്ക് മാതൃക കാട്ടി കൊടുത്തിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യരായി വന്ന് സിനിമ, റേഡിയോ രംഗങ്ങളിൽ ഉയരങ്ങൾ കീഴടക്കിയവരും നിരവധി. ആശ ശരത്ത്, ശ്രീലക്ഷ്മി, ദീപ ഗണേഷ്, സലിന്‍ മാങ്കുഴി, നിസാര്‍ സെയ്ദ്, ഗായത്രി, രതീഷ് രഘുനന്ദന്‍, ബൈജു ഭാസ്കർ, അനൂപ് കീച്ചേരി... ഇങ്ങനെ നീളുന്നു ആ പട്ടിക.

പ്രായത്തെയും ചില ശാരീരിക പ്രശ്നങ്ങളെയും വകവെക്കാതെ അവസാന കാലം വരെ കർമനിരതനായിരുന്നു. രണ്ടുവര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ വെട്ടൂര്‍ജി ഒരു ടി.വി ചാനല്‍ തുടങ്ങുന്നതിനുള്ള ശ്രമങ്ങളിൽ സജീവമായിരുന്നു. പിന്നീടാണ് വൃക്കരോഗത്തിനു ചികിത്സയിലായത്. വ്യാഴാഴ്ച പുലര്‍ച്ച ബംഗളൂരുവിലായിരുന്നു മരണം. അടുത്തിടെ ലോക കേരളസഭയുടെ ഭാഗമായി പ്രവാസലോകത്തെ റേഡിയോ കലാകാരന്മാർക്ക് സര്‍ക്കാർ നൽകിയ ആദരവ് ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

Tags:    
News Summary - Remember that radio era; And the only Vettoorji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT