അജ്മാന്: വാഹനങ്ങള്‍ വാടകക്കെടുത്ത് കുഴപ്പത്തിലാകുന്നവരും കെണിയില്‍ അകപ്പെടുന്നവരും നിരവധിയാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്നും ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി മികച്ച തയ്യാറെടുപ്പോടെ അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ സംവിധാനം ഒരുക്കുകയാണ്. വ്യക്തികൾക്കും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കുമായി കാറുകള്‍ വാടകക്ക് നല്കുന്ന സംവിധാനം ഒരുക്കുകയാണ് അജ്മാൻ ഗതാഗത വകുപ്പ്. ഉപഭോക്താക്കള്‍ക്ക് മികച്ച അവസരവും സേവനവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ നിന്നും 5 വർഷത്തെ പാട്ടക്കരാർ പ്രകാരമാണ് കാറുകൾ നൽകുന്നത്. ഈ സേവനം യു.എ.ഇയിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ഉപഭോക്താക്കൾക്ക് എളുപ്പമുള്ള രീതിയിൽ ഗുണമേന്മയുള്ള സേവനങ്ങൾ നൽകാൻ ഈ പദ്ധതി വഴി സാധ്യമാകുമെന്നാണ് കരുതുന്നത്. ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വാഹന വാടക വിഭാഗം ആഡംബര വാഹന വാടകക്ക് നൽകുന്ന സേവനങ്ങൾക്കുള്ളിലാണ് ഈ സേവനം ഉൾപ്പെടുത്തിയത്.
വിവിധ വിഭാഗങ്ങളിലെ ഉപയോക്താക്കള്‍ക്ക് വേണ്ടി ഉയർന്ന കാര്യക്ഷമതയും ന്യായമായ വിലയുമുള്ള ബദൽ ഗതാഗത മാർഗങ്ങൾ ഒരുക്കുകയാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ വിലയ്ക്ക് അതോറിറ്റി ഒരു പരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഈ സേവനം ഇടപാടുകളിൽ പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും വ്യക്തികൾക്ക് ഗതാഗതത്തിനായി വാഹനങ്ങൾ നൽകുന്നതിന് ഏജൻസികളും വാടക ഓഫീസുകളും ചുമത്തുന്ന ചിലവുകൾ ഒഴിവാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
കൂടാതെ വാടകയ്ക്കെടുക്കേണ്ട വാഹനങ്ങളുടെ തരം യു.എ.ഇയിലെ അംഗീകൃത കാർ ഏജൻസികളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താവിനു നല്‍കുന്നുണ്ട്. വാടക വ്യവസ്ഥയില്‍ വ്യത്യസ്തങ്ങളായ പേയ്മെന്റ് പ്ലാനുകളുടെ സൗകര്യം ഉപഭോക്താക്കൾക്കോ സ്ഥാപനങ്ങൾക്കോ വിവിധ വാഹനങ്ങള്‍ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കും. 600599997 എന്ന നമ്പറിൽ ബന്ധപ്പെട്ടാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താം. വാഹനം വാടകയ്ക്കെടുക്കുന്നവര്‍ അംഗീകൃത ഡ്രൈവിങ് ലൈസൻസും അനുബന്ധ തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം. വാടകയ്ക്ക് എടുത്ത വാഹനം മറ്റുള്ളവര്‍ ഉപയോഗിക്കരുതെന്നും അതോറിറ്റി നിഷ്കർഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.