ദുബൈ: റിപ്പബ്ലിക് ദിനത്തിൽ എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദുബൈ മില്ലേനിയം ആംഫി തിയറ്ററിലും ഇന്ത്യൻ പവിലിയനിലുമാണ് പരിപാടികൾ. അബൂദബി ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെയും പതാക ഉയർത്തൽ ചടങ്ങും എക്സ്പോയിൽ നടക്കും. തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിന ദിവസമായ ഞായറാഴ്ച മുതൽ റിപ്പബ്ലിക് ദിനമായ 26 വരെ വിവിധ പരിപാടികൾ നടക്കുന്നുണ്ട്. ഞായറാഴ്ച രാത്രി ഏഴിന് എമിറേറ്റ്സ് ബംഗാൾ ക്ലബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പവിലിയൻ ഓഡിറ്റോറിയത്തിൽ നേതാജിക്ക് ആദരമർപ്പിച്ചുള്ള പരിപാടി നടക്കും.
വ്യാഴാഴ്ച രാവിലെ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ എംബസിയിലും കോൺസുൽ ജനറൽ അമൻ പുരി കോൺസുലേറ്റിലും ദേശീയ പതാക ഉയർത്തും. റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുന്ന ഊദ്മേത്ത ഇന്ത്യൻ ഹൈസ്കൂളിലും അമൻ പുരി പതാക ഉയർത്തും. എക്സ്പോയിലെ പതാക ഉയർത്തൽ ചടങ്ങിൽ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികളും പങ്കെടുക്കും. ഇതിനു ശേഷം വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പവിലിയന്റെ ഉള്ളിൽ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രദർശനങ്ങളുണ്ടാകും. രാത്രിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സംഘടന പ്രതിനിധികൾക്കുമായി ഇന്ത്യൻ കോൺസുലേറ്റും എംബസിയും സംയുക്തമായി സൽക്കാരം.
ബുധനാഴ്ച രാത്രി 9.30 മുതൽ ആംഫി തിയറ്ററിൽ ഇന്ത്യൻ-കനേഡിയൻ ഗായകൻ ശ്വേത സുബ്രം, അനുപം നായർ എന്നിവരുടെ പരിപാടിയുണ്ടാകും. 'ഡാൻസ്' സ്റ്റുഡിയോയിലെ നർത്തകരും പരിപാടിയുടെ ഭാഗമാകും. ജനുവരി 30ന് ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോൺസുലേറ്റിൽ രക്തദാന ക്യാമ്പുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.