ദുബൈ: ഹത്ത മലനിരയിൽ ഹൈക്കിങ് നടത്തുന്നതിനിടെ ക്ഷീണം ബാധിക്കുകയും രക്തസമ്മർദം ഉയരുകയും ചെയ്തതിനെ തുടർന്ന് കുടുങ്ങിയ ബ്രിട്ടീഷ് പൗരനെ രക്ഷിച്ചു. ദുബൈ പൊലീസ് എയർവിങ്ങിന്റെ നേതൃത്വത്തിൽ ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
പൊലീസിന് ലഭിച്ച എമർജൻസി മുന്നറിയിപ്പിനെ തുടർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളരെ സങ്കീർണമായ ഭൂപ്രകൃതിയുള്ള മേഖലയിൽ കുടുങ്ങിയ ഹൈക്കറിന് താഴേക്ക് എത്താൻ കാൽനടയായി നാലു മണിക്കൂറിലേറെ സമയമെടുക്കുമായിരുന്നു. അതിവേഗം ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യം പരിഗണിച്ചാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്.
ഹത്തയിലെ ദുബൈ പൊലീസിന്റെ ബ്രേവ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെഡിക്കൽ സംഘം അടക്കമുള്ള ടീമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറ്റവും പുതിയ സംവിധാനങ്ങളുപയോഗിച്ച് നടത്തിയ ഓപറേഷനിലൂടെ ഹൈക്കർ കുടുങ്ങിയ സ്ഥലം കൃത്യമായി കണ്ടെത്താനും ഹെലികോപ്റ്റർ ഇറക്കുവാനും സാധിച്ചതായി ദുബൈ പൊലീസ് എയർവിങ് സെന്റർ ഡയറക്ടർ പൈലറ്റ് കേണൽ അലി അൽ മുഹൈരി പറഞ്ഞു.
തെർമൽ ഇമേജിങ് സംവിധാനമുള്ള ഡ്രോൺ ഓപറേഷനിൽ ഹൈക്കറെ കണ്ടെത്താൻ ഉപയോഗിച്ചതായി ബ്രേവ് സ്ക്വാഡ് തലവൻ മുഹമ്മദ് ഉബൈദ് അൽ കഅബി പറഞ്ഞു. പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് ബ്രിട്ടീഷ് പൗരനെ ഹത്ത ആശുപത്രിയിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.