അബൂദബി: എമിറേറ്റിലെ മാളുകളില്‍ ഡെലിവറി റൈഡര്‍മാര്‍ക്കായി ഇനി അടച്ചുമൂടിയ വിശ്രമകേന്ദ്രങ്ങള്‍. സംയോജിത ഗതാഗതകേന്ദ്രം, അബൂദബി പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്, ആരോഗ്യവകുപ്പ് എന്നിവയെ പ്രതിനിധീകരിക്കുന്നതും നഗര, ഗതാഗത വകുപ്പിനു കീഴിലുള്ളതുമായ സംയുക്ത ഗതാഗത സുരക്ഷസമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. വേനല്‍ കനത്തതോടെ കൊടുംചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഇരുചക്രവാഹനങ്ങളിലെ ഡെലിവറി ജീവനക്കാര്‍ക്ക് മാളുകളില്‍ വിശ്രമകേന്ദ്രം ഒരുക്കുന്നത്.
ചുട്ടുപൊള്ളുന്ന വേനല്‍കാലത്ത് ഡെലിവറി റൈഡര്‍മാരുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തണമെന്ന് നഗര, ഗതാഗത വകുപ്പ് ഷോപ്പിങ് മാള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ഇരിപ്പിടം, ശീതള പാനീയങ്ങള്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സൗകര്യം തുടങ്ങിയ സൗകര്യങ്ങളാണ് ഡെലിവറി റൈഡര്‍മാര്‍ക്കായി മാളുകളിലൊരുക്കിയിരിക്കുന്ന വിശ്രമകേന്ദ്രങ്ങളിലുള്ളത്. ഡെലിവറി ചെയ്യേണ്ട ഭക്ഷണം റൈഡര്‍മാർക്ക് ലഭിക്കുന്ന ഏറ്റവും അടുത്തായിരിക്കണം വിശ്രമകേന്ദ്രം ഒരുക്കേണ്ടത്.
ഖലീഫ സിറ്റി, ഷംഖ, അല്‍ വത്ബ, അല്‍ ഐന്‍ സിറ്റി എന്നീ നാലിടങ്ങളിലായി ഡെലിവറി റൈഡര്‍മാര്‍ക്കായി താല്‍ക്കാലിക വിശ്രമകേന്ദ്രം സജ്ജീകരിച്ചതിനു പുറമേയാണ് പുതിയ നടപടി. ഇതിനു പുറമേ അബൂദബി ദ്വീപ്, ഖലീഫ സിറ്റി, ശഖ്ബൂത് സിറ്റി എന്നിവിടങ്ങളിലായി നാല് സ്ഥിരം വിശ്രമകേന്ദ്രങ്ങളും ഡെലിവറി റൈഡര്‍മാര്‍ക്കായി ഒരുക്കുന്നുണ്ട്.
സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്രമകേന്ദ്രങ്ങള്‍ മുമ്പ് ഡെലിവറി റൈഡര്‍മാര്‍ക്കായി അബൂദബിയില്‍ ഒരുക്കിയിരുന്നു. തലാബത്തുമായി സഹകരിച്ചാണ് സംയോജിത ഗതാഗതകേന്ദ്രത്തിലെ ഗതാഗത സുരക്ഷാ സാങ്കേതിക കമ്മിറ്റി ആരംഭിച്ചത്. സുരക്ഷക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രധാനപാതകളില്‍ മണിക്കൂറില്‍ 100 കിലോമീറ്ററോ അതിലധികമോ വേഗം നിഷ്കര്‍ഷിച്ചിട്ടുള്ള വലത്തേ അറ്റത്തുള്ള ലെയിന്‍ മാത്രമേ ഡെലിവറി ബൈക്ക് റൈഡര്‍മാര്‍ ഉപയോഗിക്കാവൂ എന്ന് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.