ദുബൈ: ഒമാനിൽനിന്ന് യു.എ.ഇയിലേക്കുള്ള മുവാസലാത്ത് ബസ് സർവിസുകൾ പുനരാരംഭിക്കുന്നു. ഒക്ടോബർ ഒന്നുമുതൽ സർവിസ് നടത്തുമെന്ന് സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) കമ്പനി അധികൃതർ അറിയിച്ചു. അൽഐൻ വഴി അബൂദബിയിലേക്കാണ് സർവിസ് നടത്തുക. വൺവേ ടിക്കറ്റ് നിരക്ക് 11.5 ഒമാനി റിയാൽ (109 ദിർഹം) ആയിരിക്കും. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും അനുവദിക്കും.
രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക് ഒരുമണിക്ക് അൽ ഐനിലും 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കത്തിൽ എത്തും.
കോവിഡിനെത്തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചതായിരുന്നു. ഇതാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്. മസ്കത്തിലേക്ക് സ്ഥിരമായി യാത്രചെയ്യുന്ന വ്യാപാരികൾക്കും മറ്റ് പുതിയ തീരുമാനം വലിയ ആശ്വാസമാകും. അബൂദബിയിൽനിന്ന് അഞ്ച് മണിക്കൂറാണ് മസ്കത്തിലേക്കുള്ള യാത്ര സമയം. എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തീകരിക്കാൻ എടുക്കുന്ന സമയമടക്കം ആറുമണിക്കൂറിനുള്ളിൽ മസ്കത്തിലെത്താൻ സാധിക്കും. എന്നാൽ, ദുബൈയിൽനിന്ന് ഒമാനിലേക്ക് 450 ദിർഹം മുതലാണ് വിമാന ടിക്കറ്റ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.