ദുബൈ: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവനുവദിച്ച് ദുബൈ വിദ്യാഭ്യാസ വകുപ്പ്. തിങ്കളാഴ്ച മുതൽ പാഠ്യേതര പ്രവർത്തനങ്ങൾ, ഫിസിക്കൽ എജുക്കേഷൻ, പഠനയാത്ര, പരിപാടികൾ എന്നിവക്കാണ് ദുബൈ വിജ്ഞാന-മാനവ വിഭവശേഷി വകുപ്പ് (കെ.എച്ച്.ഡി.എ) അനുമതി നൽകിയത്. സ്ഥാപനങ്ങളിലെ കാന്‍റീനുകളും ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളും തുറക്കാനും അനുവദിച്ചിട്ടുണ്ട്.
എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും അംഗൻവാടികൾക്കും നിർദേശം ബാധകമാണ്. അതിനിടെ അബൂദബി സ്കൂളുകളിൽ മുഴുവൻ കുട്ടികളും തിങ്കളാഴ്ച മുതൽ നേരിട്ട് ക്ലാസിലെത്തും.
കഴിഞ്ഞയാഴ്ച ആദ്യഘട്ടമായി ചില ക്ലാസുകളിലെ കുട്ടികൾക്ക് പ്രവേശനത്തിന് അനുമതി നൽകിയിരുന്നു.
യു.എ.ഇ സ്കൂളുകൾ ശൈത്യകാല അവധിക്കുശേഷം തുറക്കുന്നതിന് മുന്നോടിയായി ജനുവരി മൂന്നുമുതൽ ദുരന്തനിവാരണ അതോറിറ്റിയും വിദ്യാഭ്യാസ വകുപ്പും വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഇതിന്‍റെ ഭാഗമായി ദുബൈ, ഷാർജ, റാസൽഖൈമ ഒഴികെയുള്ള എമിറേറ്റുകളിൽ ക്ലാസുകൾ ഓൺലൈനിലേക്ക് മാറി. മൂന്നാഴ്ചയായി അബൂദബി, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ ഓൺലൈനിലാണ് നടന്നുവന്നിരുന്നത്.
പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികൾ ഇടകലരുന്ന മറ്റു പ്രവർത്തനങ്ങൾക്ക് എല്ലാ എമിറേറ്റുകളിലും വിലക്കുണ്ടായിരുന്നു. എന്നാൽ ജനുവരി 24 തിങ്കളാഴ്ച മുതൽ കിന്‍റർഗാർട്ടൻ, ഒന്നുമുതൽ അഞ്ചുവരെ ഗ്രേഡുകാർ, 12ാം ഗ്രേഡ് എന്നീ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകളിൽ പ്രവേശനം നൽകിത്തുടങ്ങിയിട്ടുണ്ട്.
ആറുമുതൽ 11 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഈ സമയത്ത് ഓൺലൈൻ പഠനം തുടരുകയായിരുന്നു.
31 തിങ്കളാഴ്ച മുതൽ മറ്റു ക്ലാസുകളിലെ വിദ്യാർഥികളും നേരിട്ട് ഹാജരായി തുടങ്ങും.
എന്നാൽ, കുട്ടികളുടെ ഓൺലൈൻ പഠനം തുടരാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിന് അനുമതിയുണ്ട്.ദുബൈ സ്കൂളുകളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും അനുമതി നൽകിയത് ക്ലാസുകൾ പഴയ സജീവതയിലേക്ക് തിരിച്ചുവരാൻ സഹായിക്കും. പഠനയാത്രക്ക് അനുമതി നൽകിയത് എക്സ്പോ 2020 ദുബൈ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനും സഹായിക്കും. അബൂദബിയിൽ എല്ലാ വിദ്യാർഥികളും ക്ലാസിലെത്തുന്ന ആദ്യ ദിവസം 96 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.