ദുബൈ: യു.എ.ഇയിലെ വ്യവസായ മേഖലയിലെ ഉണർവ് വ്യക്തമാക്കി കഴിഞ്ഞ വർഷം തുറന്നത് 220 ഫാക്ടറി. 120 ബില്യൺ ദിർഹമിന്റെ വ്യവസായ കയറ്റുമതിയാണ് കഴിഞ്ഞ വർഷം നടന്നത്. അടുത്തകാലത്തുണ്ടായ ഏറ്റവും മികച്ച വളർച്ചയാണിതെന്ന് വ്യവസായ മന്ത്രാലയം അറിയിച്ചു.
വ്യവസായ മത്സരക്ഷമത ഇൻഡക്സിൽ ആഗോളതലത്തിൽ അഞ്ച് സ്ഥാനം മെച്ചപ്പെടുത്താൻ യു.എ.ഇക്ക് കഴിഞ്ഞു. 2020ൽ 35ാം സ്ഥാനത്തായിരുന്ന രാജ്യം കഴിഞ്ഞ വർഷം 30ാം സ്ഥാനത്തേക്ക് ഉയർന്നു.
അറബ് ലോകത്ത് ഏറ്റവും മുന്നിൽ യു.എ.ഇയാണ്. മഹാമാരിക്കാലത്തും വ്യവസായ മേഖലക്ക് സർക്കാർ നൽകിയ പിന്തുണയാണ് ഈ ഉയർച്ചയുടെ പ്രധാന കാരണം. വ്യവസായ മേഖലയുടെ സംഭാവന 2030ൽ 300 ബില്യൺ ദിർഹമിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദ്ധതികളും ഗുണം ചെയ്തു. കഴിഞ്ഞ വർഷം 133 ബില്യൺ ദിർഹമായിരുന്നതാണ് 2030ഓടെ ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നത്.
13,500 ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ പിന്തുണയോടെയായിരിക്കും ഈ ലക്ഷ്യത്തിലേക്ക് കുതിക്കുക.
മേഖലയിൽ വ്യവസായങ്ങൾ വളർത്താനും സാങ്കേതിക വിദ്യയുടെ വികസനത്തിനും വ്യവസായ മന്ത്രാലയം തുക അനുവദിച്ചിട്ടുണ്ട്.
അടുത്ത 50 വർഷ പദ്ധതിയുടെ ഭാഗമായും നിരവധി നൂതന സംരംഭങ്ങൾ മേഖലയിൽ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.