എ.ടി.എം 31ാം എഡിഷൻ ഉദ്ഘാടനം ചെയ്ത ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പ്രദർശനം സന്ദർശിക്കുന്നു
ദുബൈ: മിഡിലീസ്റ്റ് മേഖലയിലെ ഏറ്റവും വലിയ യാത്ര-വിനോദസഞ്ചാര പ്രദർശനമായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമായി. ലോകത്താകമാനം യാത്ര മേഖലയിലുണ്ടായ ഉണർവിനെ അടയാളപ്പെടുത്തി ആയിരക്കണക്കിന് സന്ദർശകരാണ് മേളയുടെ ആദ്യദിനം തന്നെ ഒഴുകിയെത്തിയത്. എ.ടി.എം 31ാം എഡിഷൻ തിങ്കളാഴ്ച രാവിലെ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് ഗ്രൂപ് സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം വിവിധ പവലിയനുകൾ സന്ദർശിക്കുകയും ചെയ്തു.
നിരവധി പുതിയ കരാറുകളും ധാരണപത്രങ്ങളും മേളയോടനുബന്ധിച്ച് വിവിധ കമ്പനികളും സ്ഥാപനങ്ങളും ഒപ്പുവെക്കുന്നുണ്ട്. കമ്പനികൾ വിവിധ പ്രഖ്യാപനങ്ങളും പ്രദർശനത്തോടനുബന്ധിച്ച് നടത്തും.
മേഖലയിലെ താമസക്കാരും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാണുന്ന ജി.സി.സി ഏകീകൃത വിസ ‘ജി.സി.സി ഗ്രാൻഡ് ടൂർസ്’എന്നറിയപ്പെടുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി എ.ടി.എം ഉദ്ഘാടന ദിനത്തിൽ പ്രസ്താവിച്ചു. ആറു രാജ്യങ്ങളിലും സന്ദർശനത്തിന് അവസരമൊരുക്കുന്ന വിസ എടുക്കുന്നവർക്ക് 30 ദിവസത്തിലേറെ താമസിക്കാൻ സാധിക്കും. യാത്ര നടപടികൾ ലഘൂകരിക്കുന്നതിന്റെയും ടൂറിസം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി നടത്തുന്ന സുപ്രധാന നീക്കത്തിന് ജി.സി.സി അനുമതി നൽകിയിട്ടുണ്ട്.
വിനോദസഞ്ചാരികൾക്ക് മേഖലയിൽ സഞ്ചരിക്കുന്നത് കൂടുതൽ സ്വീകാര്യപ്രദവും താങ്ങാവുന്നതുമായിത്തീരും. ഇത് മേഖലയിൽ പ്രവർത്തനങ്ങളും ജോലി സാധ്യതയും വർധിപ്പിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി രാജ്യങ്ങളെല്ലാം ഐകകണ്ഠ്യേന അംഗീകരിച്ചിട്ടുണ്ടെങ്കിലും വിസ എന്നുമുതലാണ് നടപ്പിലാക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, എകീകൃത വിസ നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഈ വർഷം അവസാനത്തോടെ സ്ഥാപിതമാകുമെന്ന് എ.ടി.എമ്മിൽ വെച്ച് ഷാർജ കോമേഴ്സ് ആൻഡ് ടൂറിസം അതോറിറ്റിയിലെ ഖാലിദ് ജാസിം അൽ മിദ്ഹ പറഞ്ഞു.
‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എന്റർപ്രണർഷിപ്’ എന്ന തീമിലാണ് ഇത്തവണ എ.ടി.എം ഒരുക്കിയിട്ടുള്ളത്. മേളയിൽ 41,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മേയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേളയിൽ 165 രാജ്യങ്ങളിലെ 2300ലേറെ പ്രദർശകരും പ്രതിനിധികളും അണിനിരക്കുന്നുണ്ട്. മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാൻഡുകളുടെ എണ്ണം 21 ശതമാനം വർധിച്ചിട്ടുണ്ട്.
എ.ടി.എമ്മിലെ ഇന്ത്യൻ പവിലിയൻ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്യുന്നു
ശ്രദ്ധേയമായി ഇന്ത്യൻ പ്രദർശനങ്ങൾ: പ്രതീക്ഷ പങ്കുവെച്ച് യാത്രാസേവന മേഖലയിലെ സംരംഭകർ
ദുബൈ: അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ (എ.ടി.എം) വേദിയിൽ ശ്രദ്ധേയമായി ഇന്ത്യൻ യാത്ര-വിനോദ സഞ്ചാര പ്രദർശനങ്ങൾ. ഇന്ത്യയിൽ നിന്നുള്ള കമ്പനികളുടെയും സ്ഥാപനങ്ങളുടെയും നീണ്ട നിര തന്നെ മേളയിൽ പങ്കെടുക്കുന്നുണ്ട്. ‘ഇൻക്രഡിബ്ൾ ഇന്ത്യ’ എന്ന തലക്കെട്ടിലാണ് വിനോദസഞ്ചാര മേഖലയിലെ പ്രദർശനങ്ങൾ ഒരുക്കിയിട്ടുള്ളത്. മേളയിലെ ഇന്ത്യൻ പവിലിയൻ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളുടെ സ്വന്തമായ പവിലിയനുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാര സാധ്യതകളും കേന്ദ്രങ്ങളുമാണ് പവിലിയനുകളിൽ പരിചയപ്പെടുത്തുന്നത്. വിദേശ സംരംഭകരും കമ്പനികളും ഇന്ത്യയെ വളരെ വേഗത്തിൽ വികസിക്കുന്ന വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലാണ് വീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
യാത്രാസേവന മേഖലയിൽ യു.എ.ഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികൾ നേതൃത്വം നൽകുന്ന സംരംഭങ്ങളും മേളയിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡിന് ശേഷം അതിവേഗം തിരിച്ചുവന്ന യാത്രാമേഖലക്ക് ഉണർവ് പകരുന്നതാണ് എ.ടി.എം എന്നും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സുപ്രധാന പ്രഖ്യാപനങ്ങൾ മേളയിൽ പ്രതീക്ഷിക്കുന്നതായും സ്മാർട്ട് ട്രാവൽ ചെയർമാൻ അഫി അഹമ്മദ് പറഞ്ഞു. എ.ടി.എമ്മിലെ ഷാർജ പവിലിയന്റെ ഭാഗമായാണ് സ്മാർട്ട് ട്രാവൽ പ്രദർശനം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.