ദുബൈ: ഇന്ത്യയിലെ അരി കയറ്റുമതി നിയന്ത്രണം യു.എ.ഇ വിപണിയിലെ ലഭ്യതയെ ബാധിക്കില്ല. രാജ്യത്ത് പ്രധാനമായും അരി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയിൽ നിന്നാണെങ്കിലും മറ്റു വിപണികളിൽനിന്ന് കൂടുതൽ അരി കണ്ടെത്താൻ സാധിക്കുന്നതോടെ പ്രതിസന്ധിയെ മറികടക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി ഇറക്കുമതി സ്ഥാപനങ്ങൾ മറ്റ് ഉൽപാദക രാജ്യങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. വിലയിലും വലിയ മാറ്റം ഇന്ത്യയിലെ നിയന്ത്രണം കാരണം രാജ്യത്തുണ്ടാകില്ലെന്നാണ് പ്രവചിക്കപ്പെടുന്നത്. ബസുമതി ഒഴികെ അരികൾക്കാണ് ഇന്ത്യ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ ആവശ്യത്തിന് അരി ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നിയന്ത്രണം കൊണ്ടുവന്നത്.
തായ്ലൻഡ്, വിയറ്റ്നാം, പാകിസ്താൻ, ആസ്ട്രേലിയ എന്നിവിടങ്ങളിൽനിന്ന് അരി കൂടുതലായി എത്തിക്കാനാണ് യു.എ.ഇയിലെ ഇറക്കുമതി സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. നിലവിൽ വേനൽക്കാല അവധി സമയമായതിനാൽ ചില്ലറ വ്യാപാര മേഖലയിൽ പൊതുവെ ഭക്ഷ്യവസ്തുക്കൾക്ക് ആവശ്യക്കാർ അൽപം കുറവാണ്. സ്കൂൾ തുറക്കുന്ന സമയമാകുമ്പോഴാണ് കുടുംബങ്ങൾ തിരിച്ചുവരാൻ തുടങ്ങുക. അപ്പോഴേക്കും ആവശ്യമായ അരി എത്തിക്കാൻ കഴിയുകയും ചെയ്യും.
കഴിഞ്ഞ വർഷം മുതൽ ഇന്ത്യയിൽ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ൻ യുദ്ധമടക്കമുള്ള കാരണങ്ങളാൽ അന്താരാഷ്ട്ര വിപണിയിൽ ആവശ്യം ഉയർന്നതും ഉൽപാദനം കുറഞ്ഞതും ആഭ്യന്തര വിപണിയിൽ വിലക്കയറ്റം ഉണ്ടാകുന്നത് തടയുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ, ചില രാജ്യങ്ങളിലേക്ക് നിലവിലുള്ള ധാരണപ്രകാരം ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ആഭ്യന്തര ഉപഭോഗത്തിനായി യു.എ.ഇയിലേക്ക് ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ അനുമതി നൽകിയിരുന്നു. എന്നാൽ, കരിങ്കടൽ തുറമുഖങ്ങൾ വഴി യുക്രെയ്ൻ ഗോതമ്പ് എത്തിക്കുന്നതിന് തടസ്സം വന്ന പുതിയ സാഹചര്യത്തിൽ വീണ്ടും ആഗോള തലത്തിൽ ഗോതമ്പിന് വിലകൂടുകയും ലഭ്യത കുറയുകയും ചെയ്യുമെന്ന ആശങ്ക സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.