ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഏറ്റവും വലിയ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ദുബൈയെ സൈക്കിൾ സൗഹൃദ നഗരമാക്കുക എന്നത്. വർഷാവർഷം നൂറു കിലോമീറ്ററിലേറെ സൈക്കിൾ ട്രാക്കുകളാണ് ദുബൈയിൽ ഒരുങ്ങുന്നത്. വാഹനങ്ങൾ ചീറിപ്പായുന്ന ൈശഖ് സായിദ് റോഡിൽ സൈക്കിൾ റൈഡ് നടത്തിയതും ഇതിെൻറ ഭാഗമായാണ്. ദുബൈയുടെ ഈ സൈക്കിൾ സ്നേഹം കേരളവും നേരിട്ടനുഭവിക്കാനൊരുങ്ങുന്നു. കോവിഡ് സൃഷ്ടിച്ച തളർച്ചയിൽ നിന്ന് കേരളത്തിലെ ടൂറിസം മേഖലയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രാൻഡ് സൈക്കിൾ ചലഞ്ച് സംഘടിപ്പിക്കുന്ന കേരള റൈഡിൽ പങ്കെടുക്കുന്ന പത്ത് പേരിൽ ആറ് പേരും എത്തുന്നത് ദുബൈയിൽ നിന്ന്.
കേരളത്തിലെ 14 ജില്ലകളിലെ 1117 കിലോമീറ്റർ താണ്ടുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഡി.എക്സ്.ബി റൈഡേഴ്സിലെ താരങ്ങൾ ഈ മാസം അവസാനം ദുബൈയിലെ സൈക്കിളുമായാണെത്തുക. ഡിസംബർ നാലിന് തിരുവനന്തപുരം മുതൽ കാസർകോട് ബേക്കൽ കോട്ട വരെയാണ് റൈഡ്. പത്ത് ദിവസം നീളുന്ന പരിപാടി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. സലീം പവലിയപറമ്പ, ഫൈസൽ കോടനാട്, സലാഹ് ആനപ്പടിക്കൽ, അബ്ദുസലാം ആനപ്പടിക്കൽ, അൻവർ അലി, നൗഫൽ മുഹമ്മദ് എന്നിവരാണ് ദുബൈയിൽ നിന്ന് 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തി സൈക്കിൾ ചവിട്ടാനൊരുങ്ങുന്നത്.
ഇവരോടൊപ്പം നാട്ടിൽ നിന്ന് സാഹിർ അബ്ദുൽ ജബ്ബാർ, ഷാഹുൽ ബോസ്ഖ്, നസീഫ് അലി, റിയാസ് കൊങ്ങത്ത് എന്നിവരും ചേരും. പൊൻമുടി, ഗവി, മൂന്നാർ, തെൻമല, വയനാട് മലനിരകളെല്ലാം താണ്ടിയായിരിക്കും യാത്ര. കേരളത്തിലെ 14 ജില്ലകളുടെയും പ്രകൃതിഭംഗി ലോകത്തിന് മുന്നിൽ എത്തിക്കാൻ ലക്ഷ്യമിട്ടാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്. അടുത്തവർഷം വിദേശികളെ അണിനിരത്തി കേരള സൈക്ളിങ് ടൂർ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
ദുബൈയിലെ മലയാളികളെ സൈക്കിൾ പ്രേമികളാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ക്ലബ്ബുകളാണ് ഡി.എക്സ്.ബി റൈഡേഴ്സും കേരള റൈഡേഴ്സും. എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ ക്ലബ്ബിെൻറ ഭാഗമാണെങ്കിലും മലയാളികളാണ് ഏറെയും. ചെറിയ ഗ്രൂപ്പായി തുടങ്ങിയ ഈ സംഘങ്ങൾ ഇപ്പോൾ 500ഓളം പേരുള്ള വലിയ ടീമായി മാറിക്കഴിഞ്ഞു. ദുബൈ റൈഡിലെ മാർഷൽമാരായി (വൊളൻറിയർ) കേരള റൈഡേഴ്സ് എത്തിയപ്പോൾ ഡി.എക്സ്.ബി റൈഡേഴ്സിെൻറ നൂറിലേറെ താരങ്ങൾ ചുവപ്പു ജഴ്സിയിൽ റോഡിൽ അണിനിരന്നു. കാഞ്ഞങ്ങാട് സ്വദേശി സജിൻ ഗംഗാധരനാണ് ഡി.എക്സ്.ബി റൈഡേഴ്സിന് നേതൃത്വം നൽകുന്നത്. നാല് വർഷം മുൻപ് സൈക്കിൾ യാത്രക്കിടയിൽ കണ്ടുമുട്ടിയവരുമായി ചേർന്ന് സജിൻ തുടങ്ങിയ ഗ്രൂപ്പ് 250ഓളം അംഗങ്ങളുള്ള ഗ്രൂപ്പായി വളരുകയായിരുന്നു. എല്ലാ ഞായറാഴ്ചയും പുതിയ സൈക്ലിസ്റ്റുകൾക്ക് നാദൽ ഷെബയിൽ പരിശീലനം നൽകുന്നുണ്ട്.
ബുധനാഴ്ച പവർ റൈഡ് എന്ന പേരിൽ പരിചയ സമ്പന്നരായ സൈക്ലിസ്റ്റുകൾ റൈഡ് നടത്തും. തിങ്കളാഴ്ച ഓഫ് റോഡ് റൈഡ്. വാരാന്ത്യത്തിൽ ദീർഘ ദൂര യാത്രകളുണ്ടാകും. ഹത്ത, ഷൗക്ക പോലുള്ള ട്രക്കിങ് മേഖലകളിലേക്കായിരിക്കും യാത്ര. ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട് എല്ലാവർക്കും എല്ലാ റൈഡിലും പങ്കെടുക്കാൻ അവസരം നൽകുന്നുണ്ട്. ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് ദിവസവും നൂറു കിലോ മീറ്റർ സൈക്ക്ൾ ചവിട്ടുന്നവരുമുണ്ട്. ഒരുമാസംകൊണ്ട് 3000 കിലോ മീറ്ററാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.