ദുബൈ: കാഴ്ചയുടെ പരിമിതികളെ കഠിനപ്രയത്നത്താൽ മറികടന്ന് നേട്ടങ്ങൾ കൊയ്ത് ശ്രദ്ധേയയാണ് മലപ്പുറം ജില്ലയിലെ തിരൂർ പുറത്തൂരിലെ റിൻഷ. ഹ്രസ്വ സന്ദർശനത്തിനായി യു.എ.ഇയിൽ എത്തിയ റിൻഷ, ഗൾഫിൽ ജോലി ചെയ്യുന്ന പിതാവിൽനിന്ന് കേട്ടറിഞ്ഞ അറബ് നാടിെൻറ സൗന്ദര്യം ഓരോന്നും തൊട്ടറിയാനായതിെൻറ സന്തോഷത്തിലാണ്.
'പുറത്തൂരിെൻറ വാനമ്പാടി' എന്നറിയപ്പെടുന്ന റിൻഷ ഗായികയായും റേഡിയോ ജോക്കിയായും വാർത്ത അവതാരകയായും സംഗീത റിയാലിറ്റി ഷോകളിലൂടെ പേരെടുത്ത ടെലിവിഷൻ താരമായും മാഗസിൻ എഡിറ്ററും ഭിന്നശേഷിക്കാരുടെ ദേശീയ പരിപാടികളിലെ സ്ഥിരം പങ്കാളിയുമെല്ലാമായി ഉയരങ്ങൾ കീഴടക്കി ജൈത്രയാത്ര തുടരുകയാണ്. ഇരുകണ്ണിനും കാഴ്ചയില്ലാതെ ജനിച്ച്, അകക്കണ്ണിെൻറ വെളിച്ചത്തിൽ ഉയരങ്ങൾ താണ്ടിയ ഈ മിടുക്കിയുടെ ജീവിതം മറ്റുള്ളവർക്കും പ്രചോദനമാണ്.
ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാറിെൻറ 2020ലെ ദേശീയ ഭിന്നശേഷി പുരസ്കാര നിറവിലാണിപ്പോൾ റിൻഷ. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ റിൻഷക്ക് പിതാവ് ശംസുദ്ദീൻ വാഗ്ദാനം ചെയ്ത സമ്മാനമായിരുന്നു ഗൾഫ് സന്ദർശനം. മൂന്നാഴ്ച മുമ്പ് മാതാവിനൊപ്പമാണ് അബൂദബിയിൽ എത്തിയത്. എത്തി മൂന്നാം ദിവസമാണ് അപ്രതീക്ഷിതമായി ദേശീയ അവാർഡ് വിവരം റിൻഷയെ തേടി എത്തുന്നത്.
ദേശീയ സാമൂഹികനീതി വകുപ്പാണ് ഭിന്ന ശേഷിക്കാരിൽ മികച്ച സർഗാത്മക പ്രതിഭക്കുള്ള പുരസ്കാരത്തിനായി റിൻഷയെ തെരഞ്ഞെടുത്തത്. ബി.പി അങ്ങാടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഒന്ന് മുതൽ ഏഴ് വരെ മങ്കട ബ്ലൈൻഡ് സ്കൂളിലാണ് പഠിച്ചത്. പാടാനുള്ള കഴിവുണ്ടെന്ന് അധ്യാപകർ തിരിച്ചറിയുന്നതും തുടർന്ന് സംഗീതം അഭ്യസിച്ചു തുടങ്ങുന്നതും ഇവിടെ വെച്ചാണ്. സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി ഏഴു വർഷം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം റിൻഷക്കായിരുന്നു.
പദ്യം ചൊല്ലലിൽ ഒന്നാം സമ്മാനവും ലളിതഗാനത്തിൽ രണ്ടും സ്ഥാനങ്ങൾ നേടി. ദർശന ടി.വി കുട്ടിക്കുപ്പായം റിയാലിറ്റി ഷോയിൽ സെമി ഫൈനലിസ്റ്റായതും യു.പി സ്കൂൾ പഠന കാലത്താണ്. സ്പെഷൽ സ്കൂൾ അധ്യാപകരുടെ നിരന്തരമായ സപ്പോർട്ടും പ്രയത്നവുമാണ് റിൻഷക്ക് എല്ലാറ്റിനും പ്രചോദനമായത്. സ്വന്തം നാടായ പുറത്തൂർ ഗവ. ഹൈസ്കൂളിൽ പഠനം തുടർന്നപ്പോഴാണ് കൂടുതൽ അവസരങ്ങൾ തന്നെ തേടി എത്തിയതെന്ന് റിൻഷ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ ഉജ്ജ്വല ബാല്യം അവാർഡ് കഴിഞ്ഞ വർഷം തേടിയെത്തി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിലെ കുട്ടി ശാസ്ത്രജ്ഞയായി അംഗീകാരം നേടി. ജില്ലയിൽ മൂന്നു തവണ മാപ്പിള പാട്ടിൽ എ ഗ്രേഡ് നേടി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ 'അകക്കണ്ണിെൻറ വെളിച്ചം' എന്ന ഒരു മാഗസിൻ തയാറാക്കിയിട്ടുമുണ്ട്. ബാലശാസ്ത്ര കോൺഗ്രസിൽ ദേശീയതലത്തിൽ പങ്കെടുത്ത ആദ്യത്തെ ഭിന്നശേഷിക്കാരി കൂടിയാണ് റിൻഷ.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു റിൻഷയുടെ ഈ നേട്ടത്തെ പ്രത്യേകമായി അഭിനന്ദിക്കുകയും റിൻഷയാണ് ഇത്തവണത്തെ ബാലശാസ്ത്ര കോൺഗ്രസിെൻറ പ്രത്യേകതയെന്ന് പരാമർശിക്കുകയുമുണ്ടായി. പരിമിതികളോട് പൊരുതുന്ന പെൺകുട്ടിയെന്ന നിലക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം എന്നിവർ നേരിട്ട് അഭിനന്ദനം അറിയിച്ചത് വലിയ നേട്ടമായാണ് കാണുന്നതെന്നും റിൻഷ പറഞ്ഞു.
ഐ.എ.എസാണ് റിൻഷയുടെ ഇനിയുള്ള സ്വപ്നം. പുറത്തൂർ എടക്കനാട് നായ്ക്കരുമ്പിൽ ഷംസുദ്ദീൻ-ഹാജറ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. ഷൈമയാണ് സഹോദരി. ഡിസംബറിൽ ദേശീയ അവാർഡ് സ്വീകരിക്കാൻ ഡൽഹിയിലേക്ക് ക്ഷണം ലഭിച്ചതിനാൽ സന്ദർശക വിസ കാലാവധി തീരും മുമ്പേ യു.എ.ഇ വിട്ടുപോകേണ്ടി വരുമെന്ന ചെറിയ വിഷമം കൂടിയുണ്ട് ഈ മിടുക്കിക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.