ദുബൈ: സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ചുകടന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ കാൽനട യാത്രികനും ഡ്രൈവർക്കും ദുബൈ കോടതി പിഴ വിധിച്ചു. നിശ്ചയിച്ച ഇടങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്ന കുറ്റത്തിന് കാൽനടക്കാരന് 200 ദിർഹമും യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച കുറ്റത്തിന് ഡ്രൈവർക്ക് 3000 ദിർഹമുമാണ് പിഴ വിധിച്ചത്.
-കാൽനടക്കാർ റോഡ് മുറിച്ചുകടക്കുന്നതിന് സീബ്ര ലൈനുകളോ ഫൂട്ട് ഓവർ ബ്രിഡ്ജുകളോ ഉപയോഗിക്കണമെന്നാണ് നിയമം. നിയമം ലംഘിച്ചാൽ 400 ദിർഹം വരെയാണ് പിഴ. കാൽനടക്കാരുടെ അശ്രദ്ധമായ റോഡ് മുറിച്ചുകടക്കൽ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്ന് ദുബൈ പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. കഴിഞ്ഞ വർഷം ഇത്തരം അപകടങ്ങളിൽ എട്ടുപേർ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന സംഭവത്തിൽ കഴിഞ്ഞ വർഷം 44,000 കാൽനടക്കാർക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. അതേസമയം, സീബ്ര ലൈനിൽ കാൽനടക്കാരന് മുൻഗണന നൽകാതെ അപകടം വരുത്തിയാൽ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ലൈസൻസിൽ ആറ് ബ്ലാക്ക് പോയന്റ് രേഖപ്പെടുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.