ദുബൈ: യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന റോഡിൽ സംഭവിച്ച അപകടങ്ങളും തുടർന്നുള്ള റോഡ് അടക്കലും വഴിതിരിച്ചുവിടലുമെല്ലാം ഉൾപ്പെടെ തത്സമയം മെബൈലിൽ അറിയാൻ കഴിയുന്ന സ്മാർട്ട് ആപ്ലിക്കേഷൻ പുറത്തിറക്കി. ദുബൈയിലുള്ളവർക്ക് സുഗമവും തടസ്സങ്ങളേതുമില്ലാത്തതുമായ യാത്ര ഉറപ്പുവരുത്താനായി ദുബൈ പൊലീസാണ് നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആപ് പുറത്തിറക്കിയിരിക്കുന്നത്. റോഡുകൾ താൽക്കാലിക അടക്കൽ, സ്ട്രീറ്റുകളിലെ ഗതാഗത ക്രമീകരണം എന്നിവയും തടസ്സങ്ങളില്ലാതെ നോട്ടിഫിക്കേഷനുകളായി യാത്രക്കാരുടെ മൊബൈലിലെത്തും.
ഗതാഗതക്കുരുക്ക് കുറക്കാനും യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും ആപ് വഴിയുള്ള നിർദേശങ്ങൾ സഹായകരമാവും. ദുബൈയിലെ ട്രാഫിക് മാനേജ്മെൻറ് സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള സേനയുടെ ശ്രമങ്ങളുടെ ഭാഗമായാണ് സവിശേഷമായ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നതെന്ന് ദുബൈ പൊലീസ് ജനറൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് നാസർ അൽറസൂക്കി പറഞ്ഞു.
സമൂഹത്തിന് മികച്ച പരിഹാരങ്ങൾ നൽകുന്നതിലൂടെ ദുബൈ നഗരത്തെ സ്മാർട്ട് സിറ്റിയാക്കി മാറ്റുന്നതിനുള്ള സർക്കാറിെൻറ തന്ത്രപരമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിെൻറ ഭാഗമായി കൂടിയാണ് പുതിയ ആപ് രൂപകൽപന ചെയ്തിട്ടുള്ളത്. റോഡിലുണ്ടാവുന്ന അപകടം പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലേക്കോ പൊലീസ് പട്രോളിങ്ങിലേക്കോ റിപ്പോർട്ടുചെയ്യുമ്പോൾ തുടർന്നുള്ള താൽക്കാലികമായ റോഡ് അടക്കലോ ഗതാഗതം വഴിതിരിച്ചുവിടലോ അതുവഴി വരുന്ന യാത്രക്കാരെ ദുബൈ പൊലീസ് ആപ്ലിക്കേഷൻ വഴി അറിയിക്കും.
അതിനാൽ, അവർക്ക് ബദൽ മാർഗങ്ങൾ തേടാനും തിരക്ക് ഒഴിവാക്കാനും കഴിയുമെന്നും ബ്രിഗേഡിയർ ഖാലിദ് നാസർ അൽറസൂക്കി വിശദീകരിച്ചു. പ്രത്യേക അവസരങ്ങളിലും ആഘോഷങ്ങളിലും ദേശീയ അവധി ദിവസങ്ങളിലുമെല്ലാം ഇതു വളരെ പ്രയോജനപ്രദമാകും. പുതിയ സേവനം റോഡുകളിലെ ഗതാഗതം സുഗമമാക്കുന്നതിനൊപ്പം ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി. ദുബൈ പൊലീസ് സ്മാർട്ട് ആപ്ലിക്കേഷൻ ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.