ഷാർജ: കഴിഞ്ഞ ആറുമാസത്തിനിടെ ഷാർജ എമിറേറ്റിൽ റോഡപകടങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. ഷാർജ ട്രാഫിക് ആൻഡ് പട്രോളിങ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആറു മാസത്തിനിടെ എമിറേറ്റിലെ റോഡപകട മരണനിരക്ക് 15 ശതമാനമാണ് കുറഞ്ഞത്.
കഴിഞ്ഞവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഒരു ലക്ഷം റോഡ് ഉപയോക്താക്കളുടെ മരണനിരക്ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കൂടാതെ 10,000 വാഹനങ്ങളിൽ റോഡപകടം ഒമ്പത് ശതമാനം കുറവ് സംഭവിച്ചതായും അധികൃതർ അറിയിച്ചു. പൊലീസ് തുടർച്ചയായി നടത്തുന്ന ട്രാഫിക് ബോധവത്കരണ കാമ്പയിനുകളാണ് റോഡ് സുരക്ഷരംഗത്ത് അപകടങ്ങൾ കുറയാൻ കാരണം. റോഡ് സുരക്ഷ എന്നത് ഡ്രൈവർമാരുടെയും എല്ലാ റോഡ് ഉപയോക്താക്കളുടെയും ഉത്തരവാദിത്തമാണെന്ന് ഷാർജ പൊലീസിന്റെ ട്രാഫിക് ആൻഡ് പെട്രോൾസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അലായ് അൽ നഖ്ബി പറഞ്ഞു.
സുരക്ഷ വർധിപ്പിക്കുന്നതിനും മരണങ്ങളും ഗുരുതരമായ അപകടങ്ങളും കുറക്കുന്നതിനും എല്ലാവർക്കും സുരക്ഷിതമായ റോഡുകൾ സംഭാവന ചെയ്യുന്നതിനും ട്രാഫിക് ബോധവത്കരണത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. കൂടാതെ, ഡ്രൈവർമാരും റോഡ് ഉപയോക്താക്കളും ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാനും വേഗപരിധി നിരീക്ഷിക്കാനും വാഹനമോടിക്കുമ്പോൾ ശ്രദ്ധ വ്യതിചലിക്കാതിരിക്കാനും അപ്രതീക്ഷിതമായ റോഡ് അവസ്ഥകളിൽ ജാഗ്രത പാലിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.