ദുബൈ: പൊതുജനങ്ങൾക്ക് ദുബൈയിലെ റോഡുകൾക്കും തെരുവുകൾക്കും പേര് നിർദേശിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബൈ റോഡ് നാമകരണ സമിതി (ഡി.ആർ.എൻ.സി). https://roadsnaming.ae എന്ന വെബ്സൈറ്റിലൂടെ ജനങ്ങൾക്ക് പേരുകൾ നിർദേശിക്കാം. ഓരോ പ്രദേശത്തിനും പ്രത്യേക തരംതിരിക്കലുകളെ അടിസ്ഥാനമാക്കി റോഡുകൾക്ക് പേരുകൾ നിർദേശിക്കുന്ന രീതിയാണ് ഡി.ആർ.എൻ.സി നടപ്പാക്കുന്നത്.
കല, സംസ്കാരം, അറബി കവിതകൾ എന്നിവയുമായി ബന്ധപ്പെട്ട പേരുകൾക്കൊപ്പം അറബിക്, ഇസ്ലാമിക രൂപകൽപന, വാസ്തുവിദ്യ എന്നിവയുമായി ബന്ധപ്പെട്ട പേരുകളും ഇതിൽ ഉൾപ്പെടും. ചെടികൾ, പൂവുകൾ, കാട്ടുചെടികൾ, പ്രകൃതി പ്രതിഭാസങ്ങൾ, കടൽപ്പക്ഷികൾ എന്നിവയുമായി ബന്ധപ്പെട്ട പേരുകളും ഉൾപ്പെടുത്തും.
കൂടാതെ കപ്പലുകൾ, നാവിക ഉപകരണങ്ങൾ, മത്സ്യബന്ധനം, കാറ്റ്, മഴ, പാരിസ്ഥിതിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പേരുകളും നിർദേശിക്കാം. പ്രത്യേക വിഭാഗങ്ങളിൽ സ്ക്വയറുകൾ, പുരാതന കോട്ടകൾ, പുരാവസ്തു ഇടങ്ങൾ, പ്രാദേശികവും പുരാതനവുമായ ജ്വല്ലറികൾ, കുതിരകൾ, അറേബ്യൻ ഒട്ടകങ്ങളുടെ പേരുകൾ എന്നിവയാണ് ഉൾപ്പെടുത്തുക. വിവിധതരം പനകൾ, ഈന്തപ്പനകൾ, ഫാമുകൾ, കാർഷിക ജോലികളുടെ പേരുകൾ, കൂടാതെ വ്യവസായ മേഖലകൾ, ഉപകരണങ്ങൾ, അമൂല്യ രത്നങ്ങൾ, കണ്ടുപിടിത്തങ്ങൾ, നൂതന സാങ്കേതിക വിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട പേരുകളും ഉൾപ്പെടുത്തും.
പുതുതായി നിർമിക്കുന്ന റോഡുകൾക്കും തെരുവുകൾക്കും പേര് നിശ്ചയിക്കാനായി ദുബൈ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ഡി.ആർ.എൻ.സി റോഡുകളുടെയും നഗരങ്ങളുടെയും പേരിടുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം സമിതി അവതരിപ്പിച്ചത്.
എമിറേറ്റിന്റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന പൈതൃക നാമങ്ങൾ പുനരുജ്ജീവിപ്പിക്കുക, ദേശീയ അസ്തിത്വം, സാമൂഹിക സാംസ്കാരിക സവിശേഷതകൾ എന്നിവ ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. ജനങ്ങൾക്ക് റോഡുകളുടെയും നഗരങ്ങളുടെയും പേരുകൾ നിർദേശിക്കാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം സഹായകരമാവുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.