ദുബൈ: റോഡുകളുടെ ഗുണനിലവാരത്തിൽ യു.എ.ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാമതുമെത്തി. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട യാത്ര-വിനോദ സഞ്ചാര വികസന സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അതിർത്തികളിലെ സേവനങ്ങളുടെ കാര്യക്ഷമതയുടെ കാര്യത്തിലും പട്ടികയിൽ അറബ് മേഖലയിൽ യു.എ.ഇക്ക് ഒന്നാംസ്ഥാനം ലഭിച്ചു. ആഗോള തലത്തിൽ 9ാം സ്ഥാനമാണ് ഇക്കാര്യത്തിൽ രാജ്യത്തിനുള്ളത്. പൊതു ഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയിൽ ആഗോള തലത്തിൽ 10ാം സ്ഥാനവും മേഖലയിൽ രണ്ടാം സ്ഥാനവും രാജ്യം കൈവരിച്ചിട്ടുണ്ട്.
ദീർഘദൃഷ്ടിയുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെയും യു.എ.ഇയുടെ തന്ത്രപ്രധാനമായ ആസൂത്രണത്തിന്റെയും മികവാണ് നേട്ടത്തിന് സഹായിച്ചതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. ഈ നേട്ടങ്ങൾ വിവിധ മേഖലകളിലെ സജീവമായ സമീപനത്തെയും തന്ത്രപരമായ ആസൂത്രണത്തെയും പ്രതിഫലിപ്പിക്കുകയും ആഗോളതലത്തിൽ ഇന്നൊവേഷൻ, എക്സലൻസ് ഹബ് ആകാനുള്ള യു.എ.ഇയുടെ ലക്ഷ്യം വീണ്ടും സ്ഥിരീകരിക്കുകയും ചെയ്യുന്നു.
ഊർജസ്വലമായ വിവിധ മേഖലകൾ വികസിപ്പിക്കുന്നതിനും ബിസിനസിനും വിനോദത്തിനുമുള്ള മുൻനിര ലക്ഷ്യസ്ഥാനമായി യു.എ.ഇയെ സ്ഥാപിക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആഗോള സൂചകങ്ങളിൽ ഉയർന്ന റാങ്കിങ് നേടിയത് അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതുമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
ഭരണനേതൃത്വത്തിന്റെ അഭിലാഷങ്ങൾക്ക് അനുസരിച്ച് യു.എ.ഇ വർഷാവർഷം ശക്തിപ്പെടുകയാണെന്ന് ഫെഡറൽ കോംപിറ്റേറ്റിവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്ലി പറഞ്ഞു.
വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെന്റ് ഇൻഡക്സ് 2024 റിപ്പോർട്ടിന്റെ ഫലങ്ങൾ യു.എ.ഇ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മയെയും ഉയർന്ന നിലവാരത്തെയും അടിവരയിടുന്നു. റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം വർധിച്ചത് വിദേശ നിക്ഷേപം ആകർഷിക്കാനും ജി.ഡി.പി വർധിപ്പിക്കാനും സഹായിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.