ദുബൈ: ഉമ്മുസുഖൈം സ്ട്രീറ്റിൽനിന്ന് കിങ്സ് സ്കൂളിലേക്ക് പോകുന്ന പുതിയ സ്ട്രീറ്റ് തുറന്ന് ഗതാഗത നവീകരണം പൂർത്തിയാക്കി ദുബൈയിലെ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 500 മീറ്റർ നീളത്തിൽ ഓരോ ദിശയിലും രണ്ട് വരികൾ ഉൾക്കൊള്ളുന്നതാണ് പുതിയ റോഡ്.
ഇത് സ്കൂളിന്റെ പ്രവേശന കവാടങ്ങളെ പ്രദേശത്ത് അടുത്തിടെ നിർമിച്ച വഴിയുമായി ബന്ധിപ്പിക്കും. പദ്ധതി സ്കൂളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും പുറത്തുകടക്കലും സുഗമമാക്കുകയും തിരക്കുള്ള സമയങ്ങളിൽ ഗതാഗതക്കുരുക്ക് 40 ശതമാനം വരെ കുറക്കുകയും ചെയ്യും.
അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള 4.6 കിലോമീറ്റർ ദൈർഘ്യമുള്ള ഉമ്മു സുഖൈം സ്ട്രീറ്റ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തികൾ പൂർത്തിയാക്കിയതെന്ന് ആർ.ടി.എയിലെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ റോഡ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.
പദ്ധതി ദുബൈയിലെ നാല് പ്രധാന ട്രാഫിക് ഇടനാഴികളായ ശൈഖ് സായിദ് റോഡ്, അൽ ഖൈൽ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ്. നിർമാണം പൂർത്തിയായതോടെ ഉമ്മുസുഖൈം സ്ട്രീറ്റിന്റെ ശേഷി 30 ശതമാനം വർധിക്കുകയും മണിക്കൂറിൽ 16,000 വാഹനങ്ങൾവരെ ഉൾക്കൊള്ളുകയും ചെയ്യും -അദ്ദേഹം കൂട്ടിച്ചേർത്തു.
2024-2025 അധ്യയനവർഷത്തിൽ അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ സ്കൂൾ യാത്രക്കാർക്ക് ഉപകാരപ്പെടുന്നതിനായി ആർ.ടി.എ 200 താൽക്കാലിക പാർക്കിങ് സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ഇത് ക്രമപ്രകാരമുള്ള പാർക്കിങ് ഉറപ്പാക്കുകയും ക്രമരഹിതമായ പാർക്കിങ് തടയുകയും ചെയ്യും.
നവീകരണ പദ്ധതികൾ ആത്യന്തികമായി ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കാനും പൊതുജന സംതൃപ്തി വർധിപ്പിക്കാനും സഹായിക്കും. അതിലൂടെ ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമായി മാറ്റുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.