ദുബൈ: ഗാൺ അൽ സബ്ഖ -ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ജങ്ഷൻ നവീകരണ പദ്ധതിയുടെ ഭാഗമായ പ്രധാന പാലം തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). പുതുതായി തുറന്ന രണ്ടുവരി പാലത്തിന് 666 മീറ്റർ നീളവും മണിക്കൂറിൽ 3200 വാഹനങ്ങളെ കടത്തിവിടാനുള്ള ശേഷിയുമുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റിന്റെയും ദുബൈ പ്രൊഡക്ഷൻ സിറ്റിയുടെയും പ്രവേശന കവാടങ്ങളിലേക്കുള്ള സർവിസ് റോഡുകളെ വേർപെടുത്തി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ യലായിസ് സ്ട്രീറ്റ് വരെ യാത്രാസമയം 70 ശതമാനം കുറക്കാൻ പുതിയ പാലം സഹായകമാവും.
പദ്ധതിയിൽ ഉൾപ്പെടുന്ന നാല് പാലത്തിനും കൂടി 2874 മീറ്റർ നീളമുണ്ട്. മൊത്തം പദ്ധതിയുടെ 90 ശതമാനം നിർമാണം പൂർത്തിയായിട്ടുണ്ട്. നാല് പാലങ്ങളിലും കൂടി മണിക്കൂറിൽ 17,600 വാഹനങ്ങൾക്ക് കടന്നുപോകാമെന്ന് റോഡ് ഗതാഗത അതോറിറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായിർ അറിയിച്ചു.
ജനസംഖ്യയും വാഹനപ്പെരുപ്പവും വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കണമെന്ന യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ശൈഖ് മതാർ അൽ തായിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.