ഓരോ മനുഷ്യർക്കും ജീവിതത്തിൽ വ്യത്യസ്തമായ പല ആഗ്രഹങ്ങളും ഉണ്ടാകും. അതിൽ ഒരിക്കലും നടക്കില്ലെന്ന് തനിക്കുറപ്പുള്ള ആഗ്രഹങ്ങൾ വരെ കാണും. അങ്ങനെയൊന്നായിരുന്നു ഒരിക്കലെങ്കിലും ലോക ഫുട്ബാൾ മാമാങ്കം നേരിൽ കാണുക എന്നത്. ഖത്തറിൽ നടക്കുന്നതുകൊണ്ടു മാത്രം യു.എ.ഇയിൽ താമസിക്കുന്ന ഞങ്ങൾക്ക് ആശ തന്ന വേൾഡ് കപ്പ്.22ന് നടന്ന ഫ്രാൻസ്-ആസ്ട്രേലിയ കളിക്കായിരുന്നു ഞങ്ങൾ ആറുപേർക്ക് ടിക്കറ്റ് കിട്ടിയത്. റോഡ് മാർഗം ഖത്തറിലെത്താനാണ് പദ്ധതിയിട്ടത്. ടിക്കറ്റ് ലഭിച്ച ശേഷം ഖത്തറിലുള്ള സുഹൃത്ത് ഞങ്ങളെ ഹോസ്റ്റ് ചെയ്യാൻ തയാറായതുകൊണ്ടും 'Stay with friend/family' എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതുകൊണ്ടും ഹോട്ടൽ ബുക്ക് ചെയ്യാതെ ഞങ്ങൾക്ക് ഹയ്യാ കാർഡ് ലഭിച്ചു.
എന്നാൽ, യു.എ.ഇ രജിസ്ട്രേഷൻ വാഹനം സൗജന്യമായി ഖത്തറിലെത്തിക്കാൻ കഴിയില്ലെന്ന വിവരം പിന്നീടാണറിഞ്ഞത്. ഒന്നുകിൽ മാച്ച് ഡേ വിസിറ്റ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഹയ്യ രജിസ്റ്റർ ചെയ്ത് ഖത്തർ ബോർഡറിൽ 24 മണിക്കൂർ ഫ്രീ പാർക്കിങ് ബുക്ക് ചെയ്യണം. അല്ലെങ്കിൽ 5000 ഖത്തർ റിയാൽ ഫീസ് കൊടുത്ത് വാഹനം ഖത്തറിലെത്തിക്കണം. ഇതിനിടയിലാണ് സൗദി-ഖത്തർ അതിർത്തിയായ സൽവയിൽ സൗജന്യ പാർക്കിങ്ങുള്ള വിവരം അറിയുന്നത്. രണ്ടു മുതൽ നാലു ദിവസം വരെയാണ് ഇവിടെ സൗജന്യ പാർക്കിങ്. അവിടെ നിന്ന് ഖത്തറിലേക്ക് സൗജന്യ ബസ് സർവിസും ലഭിക്കുമെന്നറിഞ്ഞു.
യാത്രക്ക് ദിവസങ്ങൾക്ക് മുന്നേ സൗദിയുടെ മൾട്ടിപ്പ്ൾ എൻട്രി വിസിറ്റ് വിസ ഓൺലൈനായി എടുത്തിരുന്നു. അതിനൊപ്പംതന്നെ സൗദി ഇൻഷുറൻസും എടുത്തു. മൂന്നുപേർ വീതം രണ്ട് കാറുകളിലായി അബൂദബി വഴി സൗദി അതിർത്തിയായ ബത്ത ലക്ഷ്യമിട്ടായിരുന്നു യാത്ര. അർധരാത്രി ഒന്നരയോടെ ബത്തയിലെത്തി. അവിടെ യു.എ.ഇ ചെക്ക് പോസ്റ്റിൽ ഹയ്യ കാർഡ്, സൗദി വിസിറ്റ് വിസ, പാസ്പോർട്ട്, കാറിന്റെ മുൽക്കിയ എന്നിവ പരിശോധിച്ചു. ഒരാൾക്ക് 30 ദിർഹം വീതം ഫീസും അടച്ചതോടെ എക്സിറ്റ് സ്റ്റാമ്പ് ചെയ്തുകിട്ടി. വാഹന നമ്പറും യാത്രക്കാരുടെ വിവരങ്ങളുമുള്ള രസീതും തന്നു. ഈ രസീത് പ്രധാനപ്പെട്ട ഡോക്യുമെന്റാണ്, കളയാതെ സൂക്ഷിക്കണം. അവിടുന്ന് നേരെ സൗദി ചെക്ക്പോസ്റ്റിലേക്ക് പോയി. അവിടെ കാർ പാർക്ക് ചെയ്ത് ഇമിഗ്രേഷൻ ഓഫിസിൽ പാസ്പോർട്ട്, സൗദി വിസ, യു.എ.ഇ ചെക്ക്പോസ്റ്റിൽനിന്ന് ലഭിച്ച രസീത് എന്നിവ കാണിച്ച് ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കി. അടുത്ത ചെക്ക്പോസ്റ്റിലും വാഹന പരിശോധന നടന്നു. ശേഷം സൗദി വെഹിക്കിൾ ഇൻഷുറൻസ് എടുത്തു. ഒരാഴ്ച കാലാവധിയുള്ള ഇൻഷുറൻസ് ഫീസ് 138 സൗദി റിയാൽ. മുമ്പേ കിട്ടിയ രസീതുകളെല്ലാം ഇവിടെ വാങ്ങും. തിരക്ക് കുറവായിരുന്നെങ്കിലും രണ്ട് രാജ്യങ്ങളുടെയും നടപടികൾ പൂർത്തിയാവാൻ ഏകദേശം ഒരു മണിക്കൂറെടുത്തു.
സൽവയിലേക്ക് ഇനി 135-140 കിലോമീറ്റർ ദൂരമുണ്ട്. ഇരുവശവും മരുഭൂമിയാല് ചുറ്റപ്പെട്ട ഈ റൂട്ടിൽ ഒരേയൊരു സ്ഥലത്തു മാത്രമാണ് സ്ട്രീറ്റ് ലൈറ്റുകൾപോലും ഉണ്ടായിരുന്നത്. മോശം അവസ്ഥയിലായ ആ രണ്ടുവരി പാതയിലൂടെയുള്ള രാത്രിയാത്ര അൽപം കഠിനമാണ്. പുലർച്ച നാലിന് സൽവയിലെത്തി വാഹനങ്ങൾ പാർക്ക് ചെയ്തു. വിശാലമായ കാർ പാർക്കിങ് സൗകര്യമാണ് സൗദി അവിടെ ഒരുക്കിയിരിക്കുന്നത്. യാത്രാക്ഷീണം കാരണം ഏഴുമണി വരെ ഞങ്ങൾ വാഹനങ്ങളിൽ കിടന്നുറങ്ങി. പാർക്കിങ് ഏരിയയുടെ തൊട്ടടുത്തുതന്നെയുള്ള ഫാൻ സോണിൽ കയറി വാഷ്റൂം സൗകര്യം ഉപയോഗപ്പെടുത്തി ഫ്രഷായി.
അതിർത്തി കടന്ന് ഖത്തറിലേക്ക്
സൽവയിൽനിന്ന് ഖത്തറിന്റെ ബസിലാണ് (SAPTCO) യാത്ര. ഹയ്യ കാർഡ് കാണിച്ച് ബസിൽ കയറി അടുത്ത ബോർഡറിലോട്ട് യാത്ര തിരിച്ചു. 10-15 മിനിറ്റിൽതന്നെ സൗദി ഇമിഗ്രേഷൻ ഓഫിസിന്റെ മുന്നിൽ ബസ് നിർത്തി. അവിടുന്ന് എക്സിറ്റ് അടിച്ചുവാങ്ങി നേരെ വീണ്ടും അതേ ബസിൽ കയറി. ഇനി നേരെ അബു സമറയിലുള്ള ഖത്തർ ചെക്ക്പോസ്റ്റിലേക്ക് പോകും. അവിടെ ലോകകപ്പിനെത്തുന്നവർക്കായി പ്രത്യേക ഇമിഗ്രേഷൻ ഓഫിസുണ്ട്. സൗജന്യ ഖത്തർ സിമ്മും ലഭിക്കും. മൂന്നു ദിവസത്തെ കാലാവധിയിൽ രണ്ട് ജി.ബി ഇന്റർനെറ്റ്, 2022 മിനിറ്റ് സൗജന്യ കാൾ, എസ്.എം.എസ് എന്നിവ ലഭിക്കും. സൗജന്യ വൈഫൈ സൗകര്യമുള്ള ഈ ഇമിഗ്രേഷൻ സെന്ററിന്റെ പരിസരത്തുനിന്നുതന്നെ സിം ആക്ടിവേറ്റ് ചെയ്യുന്നതാവും നല്ലത്. ഒരു മണിക്കൂറിൽ ദോഹയിലെ അൽ മെസ്സില ബസ് സ്റ്റേഷനിൽ എത്താം. ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മെട്രോയുണ്ട്.
ഞങ്ങളെ കാത്തിരുന്ന സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണവും കഴിച്ച് അവരുടെ റൂമിലെത്തി വിശ്രമിച്ച് രാത്രിയിൽ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബാൾ കാണാൻ നേരെ അൽ ജനൂബ് സ്റ്റേഡിയത്തിലേക്ക് യാത്രയായി. ഒരു ദിവസം മാത്രമാണ് ഖത്തറിലുണ്ടായിരുന്നത്. മത്സരശേഷം തൊട്ടടുത്ത ദിവസം രാവിലെ വീണ്ടും അൽ മെസ്സില വന്ന് അവിടെ നിന്നും അബു സമറ ബോർഡറിലേക്ക് യാത്രയായി. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പുറത്തു നിർത്തിയിട്ടിരുന്ന SAPTCO ബസിൽ കയറി സൗദി ഇമിഗ്രേഷൻ ഓഫിസിലേക്കും അവിടുന്ന് എൻട്രി അടിച്ചതിനു ശേഷം കാർ പാർക്ക് ചെയ്തിരുന്ന സൽവയിലേക്കും തിരിച്ചു.
സൽവയിലെത്തിയ ശേഷം വീണ്ടും ഫാൻ സോണിൽ കയറി കളി കണ്ടു. ഫാൻ സോണിൽ കയറാൻ ഒമ്പത് സൗദി റിയാലാണ് എൻട്രി ഫീ. പകൽ ആ വഴി തിരികെ യാത്ര ചെയ്തപ്പോഴാണ് രാത്രി കടന്നുവന്ന ബത്ത-സൽവ റൂട്ടിന്റെ ശരിയായ അവസ്ഥയും രൂപവും മനസ്സിലായത്. അബൂദബി മുതൽ സൗദി സൽവ വരെ വിജനമായ മരുഭൂമിയിലൂടെയാണ് യാത്ര. അതിൽതന്നെ അൽ ബത്ത മുതൽ സൽവ വരെ റോഡ് മോശമാണ്. ബോർഡർ കടന്ന ഉടനെയോ അതിനു മുമ്പെയോ ഇന്ധനം നിറക്കുന്നതാണ് ഉചിതം. വിരളമായേ വാഹനങ്ങളും മറ്റും ഈ വഴിയിൽ കാണാൻ സാധിക്കുകയുള്ളൂ.25-30 കിലോമീറ്റർ ഇടവേളയിൽ സൗദി പൊലീസ് പട്രോളിങ് വാഹനങ്ങൾ കാണാം. ക്യാമൽ ക്രോസിങ് ഏരിയയാണെന്ന് കാണിക്കുന്ന അപായ സൂചന ബോർഡുകൾ ഇടക്കിടെ കാണാം. സൂക്ഷിച്ചുവേണം ഡ്രൈവ് ചെയ്യാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.