ഫുജൈറ: ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ പേരിൽ റോഡിൽ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തിയ 13 പേരെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു. എമിറേറ്റിലെ അൽ ഫഖീഹ് ഭാഗത്താണ് നിയമലംഘനം നടന്നത്.
അറസ്റ്റിലായവരെ പൊലീസ് തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഈദുൽ ഇത്തിഹാദുമായി ബന്ധപ്പെട്ട് പൊലീസിന്റെ മാർഗ നിർദേശങ്ങൾ ലംഘിച്ചുവെന്നാണ് പ്രതികൾക്കെതിരായ കേസ്. അഭ്യാസപ്രകടനത്തിലൂടെ സ്വന്തം ജീവന് മാത്രമല്ല, പൊതുജനങ്ങൾക്കും ഭീഷണി ഉയർത്തിയതായി ഫുജൈറ പൊലീസ് അറിയിച്ചു. അനധികൃതമായി ക്യാമ്പ് നടത്തിയ ഉടമയെയും അനുചിതമായി സ്പ്രേ ഉപയോഗിച്ച മറ്റു ചിലരെയും ഫുജൈറ പൊലീസിന്റെ ജനറൽ കമാന്‍ഡ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിനോദ മേഖലകളിലേക്ക് വരുന്നവർ സുരക്ഷ ഭീഷണി ഉയർത്തുന്ന സ്പ്രേ ഉപകരണങ്ങൾ, ജലപീരങ്കി, സമാനമായ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പു നൽകി.
ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പ്രതികളെ പ്രോസിക്യൂഷന് കൈമാറുമെന്നും പൊലീസ് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളായാണ് ഇത്തരം നിയമലംഘനങ്ങൾ പരിഗണിക്കുക. പൊലീസ് പുറപ്പെടുവിക്കുന്ന നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കാൻ എല്ലാവരും സഹകരിക്കണമെന്നും ജനറൽ കമാൻഡ് അഭ്യർഥിച്ചു. വിനോദ സ്പ്രേകളുടെ ഉപയോഗം, അമിത ശബ്ദമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ, വന്യ മൃഗങ്ങളെ കൊണ്ടുപോകൽ, ബൈക്കുകളിലും സൈക്കിളുകളിലുമുള്ള അഭ്യാസ പ്രകടനങ്ങൾ, പടക്കം പൊട്ടിക്കൽ, ധാർമികത ലംഘിക്കുന്ന ഏതെങ്കിലും ഉള്ളടക്കം ചിത്രീകരിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യൽ എന്നിവ നിയമലംഘനങ്ങളിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.