റാസല്‍ഖൈമ: ഉല്‍സവ പ്രതീതിയില്‍ റാസല്‍ഖൈമയില്‍ നടന്ന 15ാമത് ഹാഫ് മാരത്തണിന് പുതു റെക്കോഡുകളോടെ പരിസമാപ്തി. ലോക താരങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ ഇക്കുറിയും ആഫ്രിക്കന്‍ രാജ്യങ്ങൾ ആധിപത്യം പുലർത്തി. മലയാളികളുള്‍പ്പെടെ വിദേശികളും തദ്ദേശീയരുമടങ്ങുന്ന വന്‍ ജനാവലി ലോകത്തിലെ തന്നെ വേഗമേറിയ അര്ധമാരത്തണിനെ ശ്രദ്ധേയമാക്കി. പുരുഷ വിഭാഗത്തില്‍ ഉഗാണ്ടയില്‍നിന്നുള്ള ജേക്കബ് കിപ്ലിമോ (57:56), വനിത വിഭാഗത്തില്‍ എത്യോപ്യന്‍ താരം ഗിര്മവിറ്റ് ഗെബ്ര്സിഹയ്ര് (1:04:14) എന്നിവരാണ് എലൈറ്റ് വിഭാഗം ജേതാക്കള്‍. 2020ലെ റാക് ഹാഫ് മാരത്തണില്‍ അബാബില്‍ യെശാനെയുടെ (1:04:31) റെക്കോഡാണ് ഗിര്മവിറ്റ് മറികടന്നത്.
എലൈറ്റ് വിഭാഗത്തില്‍ പുരുഷന്മാരിൽ റോഡ്ഗര്സ് ക്വിമൊയ് (58:30), കെന്നറ്റ കിപ്രൊപ് റെഞ്ജു (58:35) എന്നിവരും വനിതകളിൽ ഹെല്‍ലൈന്‍ ഒബിറി (01:04:22), ശൈല ചെപ്കിറുയ് (01:04:36) എന്നിവരും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തി. അര്‍ധ മാരത്തണ്‍, റിലേ ടീംസ് ഓഫ് 2, അഞ്ച് കി. മീ, ഒരു കി.മീ മത്സരങ്ങളിലും നൂറുകണക്കിന് പേര് പങ്കെടുത്തു. ഡേവിഡ് എംകര്ത്തി, ഇബ്രാഹിം സുലൈമാനി, സെര്‍ഗി സിറിയനോവ്, ഹുസൈന് ഫസീല്‍, റൊച്ചിഡ് മൊഹ്സിന്‍, ഹുസൈന് റിസ, പരംപ്രീത് സിങ്, സിങ് ജസ്കരന്, ഹെര്‍മിസ് ഇല്ലന് എന്നിവരും ടീം കഗഞ്ജ് ആൻഡ് ഒന്വൊന്ഗ, ടീം ക്യസങ്കു ആൻഡ് സിതബ, ടീം അജുസ് ആൻഡ് ഡ്രൊമര്ഡ് ടീമുകളുമാണ് വിവിധ വിഭാഗങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയത്.
45 ഓളം അന്താരാഷ്ട്ര താരങ്ങള്‍ പങ്കാളികളായ റാക് ഹാഫ് മാരത്തണ്‍ അല്‍ മര്‍ജാന്‍ ഐലന്റിന് അതുല്യമായ അനുഭവമാണ് സമ്മാനിച്ചതെന്ന് റാക് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സി.ഇ.ഒ റാക്കി ഫിലിപ്പ്സ് പറഞ്ഞു. ജേതാക്കള്‍ക്കും മത്സരാര്‍ഥികള്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.
ശനിയാഴ്ച്ച രാവിലെ ഏഴിന് മര്‍ജാന്‍ ഐലൻഡ് ബൊലെവാഡിന് സമീപം കിക്ക് ഓഫ് ചെയ്ത മത്സരം ഡബിള്‍ ട്രീ ഹില്ട്ടന് വൈബ്രന്റ് വില്ലേജ്, ശൈഖ് മുഹമ്മദ് ബിന്‍ സാലിം റോഡ്, അല്‍ അംവാജ് അവന്യൂ തുടങ്ങിയിടങ്ങളിലൂടെയാണ് ഫിനിഷിങ് പോയന്റിലെത്തിയത്.
12,19,000 ദിര്‍ഹം മൂല്യമുള്ള ഉപഹാരങ്ങളാണ് വിജയികള്‍ക്ക് സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.