ദുബൈ: നഗരത്തിലെ ബസ് ഡ്രൈവർമാർക്കായി ബോധവത്കരണ പരിശീലന പരിപാടി സംഘടിപ്പിച്ച് ദുബൈ റോഡ് അതോറിറ്റിയും (ആർ.ടി.എ) ദുബൈ പൊലീസും. ആർ.ടി.എയുടെ പൊതു ഗതാഗത ഏജൻസിയിലെ 550 ഡ്രൈവർമാരാണ് അഞ്ച് ദിവസങ്ങളിലായി നടന്ന പരിശീലനത്തിൽ പങ്കെടുത്തത്.
അവീറിലെ ആർ.ടി.എയുടെ ബസ് ഡിപ്പോയിലാണ് പരിപാടി ഒരുക്കിയത്. ദുബൈയിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആർ.ടി.എയുടെയും പൊലീസിന്റെയും പങ്കാളിത്തത്തിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിച്ചത്.
ട്രാഫിക് സുരക്ഷ മെച്ചപ്പെടുത്തി അപകടങ്ങൾ കുറക്കുകയാണ് പരിശീലന പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ട്രാഫിക് നിയമങ്ങളെ കുറിച്ച് ഡ്രൈവർമാരുടെ അവബോധം വർധിപ്പിക്കുക, ഡ്രൈവിങ് മികച്ചതാക്കാനുള്ള കഴിവുകൾ വർധിപ്പിക്കുക, റോഡിലെ അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ബോധവത്കരണം എന്നിവയാണ് പരിശീലനത്തിലൂടെ നൽകിയത്.
ആർ.ടി.എയും ദുബൈ പൊലീസും തമ്മിലെ തന്ത്രപരമായ പങ്കാളിത്തവും ശക്തമായ ബന്ധവും സംയുക്ത ശ്രമങ്ങളും ദുബൈയുടെ ഗതാഗത സുരക്ഷ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ട്രാഫിക് അപകട മരണങ്ങൾ കുറക്കുന്നതിനും സഹായിച്ചിട്ടുണ്ടെന്ന് ആർ.ടി.എയിലെ പൊതു ഗതാഗത ഏജൻസി ഡ്രൈവർ വകുപ്പ് ഡയറക്ടർ നബീൽ യൂസുഫ് അൽ അലി പറഞ്ഞു.
ആർ.ടി.എയുടെ വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷക്കും ഈ പങ്കാളിത്തം സഹായകമായിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ ദുബൈ പൊലീസിന്റെ ഗതാഗത സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച പങ്കിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗതാഗത നിയമത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് ബസ് ഡ്രൈവർമാർക്ക് കൃത്യമായ ധാരണ നൽകാനും അതുവഴി കൂടുതൽ സുരക്ഷ ഉറപ്പാക്കാനും പരിശീലനം സഹായിക്കുന്നതായി അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. ഉമർ ബിൻ ഹമ്മാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.