ദുബൈ: പരിസ്ഥിതി, ആരോഗ്യ സുരക്ഷ മേഖലക്ക് ഊന്നൽ നൽകുന്ന അഞ്ച് വർഷത്തെ പദ്ധതി (എച്ച്.എസ്.ഇ) പ്രഖ്യാപിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എമിറേറ്റിൽ നടപ്പിലാക്കിയ എല്ലാ പദ്ധതികളിലും സേവനങ്ങളിലും ജീവനക്കാരുടെ തൊഴിൽപരമായ ആരോഗ്യവും സുരക്ഷയും ഉറപ്പുനൽകുന്നതിന് അന്തർദേശീയ നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷത്തിനിടെ 133 പുതിയ സംരംഭങ്ങൾ നടപ്പിലാക്കും.
ആർ.ടി.എയുടെ പ്രവർത്തനങ്ങളിലുടനീളം എച്ച്.എസ്.ഇ മാനദണ്ഡങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിർമിത ബുദ്ധി ആപ്ലിക്കേഷനുകൾ, നാലാം വ്യവസായ വിപ്ലവ സാങ്കേതിക വിദ്യകളുടെ സംയോജനം തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പുതിയ സംരംഭങ്ങൾ നടപ്പിലാക്കുക. എല്ലാ രംഗത്തും ഉയർന്ന സുരക്ഷ നിലവാരം കൈവരിക്കുകയും നിലനിർത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആർ.ടി.എയുടെ തന്ത്രപരമായ പദ്ധതികളുടെ മൂന്നാമത്തെ ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ പദ്ധതി.
മികച്ച തൊഴിൽ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ജീവനക്കാർക്കും സേവന ഉപഭോക്താക്കൾക്കുമായി ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ നൽകുന്നതിനും ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്ന് സ്ട്രാറ്റജി ആൻഡ് കോർപറേറ്റ് ഗവേണൻസ് സി.ഇ.ഒ മുന അൽ ഉസൈമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.