ദുബൈ: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് എമിറേറ്റിലെ ട്രക്ക്, ഹെവി വാഹനങ്ങളിൽ പരിശോധന നടത്തി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ. ഡ്രൈവർമാർ ആവശ്യമായ സാങ്കേതിക മുന്നൊരുക്കങ്ങൾ പാലിക്കുന്നുണ്ടോയെന്ന പരിശോധനയാണ് പ്രധാനമായും നടത്തിയത്. ട്രാഫിക് സുരക്ഷ പാലിക്കുന്നതിന് ഡ്രൈവർമാർക്കിടയിൽ ബോധവത്കരണം ശക്തമാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിട്ടത്. എമിറേറ്റിൽ റോഡപകടങ്ങൾ കുറക്കുകയും സുരക്ഷിതമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന ആസൂത്രണം ചെയ്തത്. 800 ട്രക്കുകളിൽ പരിശോധന നടത്തി ഡ്രൈവർമാർക്ക് ബോധവത്കരണവും നിർദേശങ്ങളും നൽകിയതായി അധികൃതർ അറിയിച്ചു.
കാമ്പയിനിന്റെ ഭാഗമായി ട്രക്ക് ഡ്രൈവർമാർക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ, നാലു ഭാഷകളിലെ ട്രാഫിക് സുരക്ഷാ നിയമങ്ങളുടെ പ്രിന്റ് ഔട്ടുകൾ എന്നിവ സമ്മാനമായി നൽകുകയും ചെയ്തു. വേനൽകാലത്ത് പാലിക്കേണ്ട മാനദണ്ഡങ്ങളും കാമ്പയിനിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പരിചയപ്പെടുത്തി.
മെക്കാനിക്കൽ, ടയർ പരിശോധന സമയാസമയങ്ങളിൽ പൂർത്തിയാക്കാനും ചരക്കുകൾ നിശ്ചിത അളവിൽ കൂടുതൽ വഹിക്കരുതെന്നും വേനൽക്കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാകണം യാത്രയെന്നും അധികൃതർ ഡ്രൈവർമാരോട് നിർദേശിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബ്ൾ മാർക്കറ്റ്, എമിറേറ്റ്സ് റോഡ്, ജബൽ അലി ലഹ്ബാബ് റോഡ്, ജബൽ അലി പോർട്ട്, ഫ്രീസോൺ എന്നിവിടങ്ങളിലെ ട്രക്ക് വിശ്രമ കേന്ദ്രങ്ങളിലാണ് കാമ്പയിനിന്റെ ഭാഗമായി പരിശോധന ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.