ദുബൈ: റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യുടെ പുതിയ അതിവേഗ പരിശോധന, രജിസ്ട്രേഷൻ കേന്ദ്രം ദുബൈ ഇൻഡസ്ട്രിയൽ സിറ്റിയിലെ സെയ്ഹ് ശുഐബിൽ തുറന്നു. 500 വാഹനങ്ങളെ ഉൾക്കൊള്ളാവുന്ന വിപുലമായ സംവിധാനങ്ങളുമായാണ് കേന്ദ്രം സജ്ജീകരിച്ചിട്ടുള്ളത്. ഹെവി വാഹനങ്ങൾക്ക് അഞ്ചും ലൈറ്റ് വാഹനങ്ങൾക്ക് മൂന്നും അടക്കം എട്ട് ടെസ്റ്റിങ് ലൈനുകളാണ് ഇവിടെയുള്ളത്. വിപുലമായ പരിശോധനക്ക് ഒരിടത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്.
ലൈറ്റ്, ഹെവി മെക്കാനിക്കൽ വാഹനങ്ങൾക്കായി മൊബൈൽ ടെസ്റ്റിങ് സേവനവും കേന്ദ്രത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. പ്രത്യേകം സജ്ജമാക്കിയ വി.ഐ.പി ലൈനിലൂടെ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനും സൗകര്യമുണ്ട്. കേന്ദ്രത്തിൽ നമ്പർ പ്ലേറ്റ് ഫാക്ടറിയും ലൈറ്റ്, ഹെവി വാഹനങ്ങൾ നന്നാക്കുന്നതിനുള്ള വർക്ക് ഷോപ്പും ഉണ്ട്. രാവിലെ ഏഴുമുതൽ 10.30വരെയാണ് പ്രവർത്തന സമയം.
ഉപഭോക്താക്കൾക്ക് പരിശോധനക്കും രജിസ്ട്രേഷനും കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഒരുക്കിയതെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കേന്ദ്രത്തിൽ എല്ലാത്തരം വാഹനങ്ങളുടെയും ടെസ്റ്റിങ്, ലൈസൻസിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാണ്. പൊതുസമൂഹത്തിന് ആവശ്യമായ സേവനങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ ഒരുക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞാബദ്ധമാണെന്നും ഇതിന്റെ ഭാഗമായി സെയ്ഹ് ഷുഐബിൽ കേന്ദ്രം തുറക്കാനായതിൽ സന്തോഷമുണ്ടെന്നും ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല യൂസുഫ് അൽ അലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.