ദുബൈ: യു.എ.ഇയുടെ ഡിജിറ്റൽ ഗവൺമെന്റ് പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) രണ്ട് സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ കൂടി തുറന്നു. മനുഷ്യ ഇടപെടലില്ലാതെ സ്മാർട്ട് ഉപകരണങ്ങൾ ഉപയോഗിച്ച് തടസ്സങ്ങളില്ലാതെ രണ്ടു കേന്ദ്രങ്ങളിലും ഉപഭോക്തൃ സേവനങ്ങൾ നൽകും. അൽ മനാറയിലും അൽ കിഫാഫയിലുമാണ് പുതിയ കേന്ദ്രങ്ങൾ തുറന്നത്. നേരത്തേ ഇവിടെ നിലവിലുണ്ടായിരുന്ന ഉപഭോക്തൃ കേന്ദ്രങ്ങളെ സ്മാർട്ട് സെന്ററുകളാക്കി മാറ്റുകയാണുണ്ടായത്.
ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഡിജിറ്റൽവത്കരണ നിരക്ക് വർധിപ്പിക്കുന്നതിന്റെയും സ്മാർട്ട് ചാനലുകളിലേക്കുള്ള മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമാണ് പുതിയ കേന്ദ്രങ്ങളെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്വാർ അൽ തായർ പറഞ്ഞു. ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച സ്മാർട് നഗരമാക്കി മാറ്റാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതി രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മു റമൂലിലേയും ദേരയിലെയും ബർഷയിലെയും ഉപഭോക്തൃ കേന്ദ്രങ്ങളിലും സ്മാർട് സേവനങ്ങൾ ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. ഇതിലൂടെ അടുത്ത വർഷങ്ങളിൽ തന്നെ മിക്ക കേന്ദ്രങ്ങളും രണ്ടു രൂപത്തിലെ സേവനങ്ങളും ലഭ്യമാകുന്ന ഹൈബ്രിഡ് കേന്ദ്രങ്ങളായി മാറിത്തീരും.
അൽ മനാറയിലെ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ സന്ദർശനം നടത്തിയ മത്വാർ അൽ തായർ, സംവിധാനങ്ങളും സജ്ജീകരണങ്ങളും പരിശോധിച്ചു.
ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുകയും സന്തോഷകരമായ അനുഭവം സമ്മാനിക്കുകയും ചെയ്യുകയാണ് വിവിധ പദ്ധതികളിലൂടെ ആർ.ടി.എ ലക്ഷ്യംവെക്കുന്നത്. സ്മാർട്ട് കിയോസ്കുകൾ, വെബ്സൈറ്റ്, സ്മാർട്ട് ആപ്പുകൾ, സർവിസ് കൺസൾട്ടന്റുകൾ, വിഡിയോ ചാറ്റ് സംവിധാനം എന്നിവ അൽ മനാറ സെന്ററിൽ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ലഭ്യമായ സേവനങ്ങളുടെ എണ്ണം 72ൽ നിന്ന് 239 ആയി ഉയർന്നിട്ടുമുണ്ട്. കേന്ദ്രം വഴി പൂർത്തിയാകുന്ന ഇടപാടുകളുടെ എണ്ണം 2022ൽ 23,000 ആയിരുന്നത് ഈ വർഷം അവസാനത്തോടെ 45,000 ഇടപാടുകളായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.