ദുബൈ: യൂറോപ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേഷൻ ആൻഡ് ടെക്നോളജി (ഇ.ഐ.ടി) അർബൻ മൊബിലിറ്റിയുമായി കൈകോർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി ജീവനക്കാർക്ക് വെർച്വലായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘സുസ്ഥിര ഗതാഗത സംവിധാനങ്ങളുടെ ഭാവി’ എന്ന വിഷയത്തിലൂന്നി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ വിവിധ മേഖലകളിലുള്ള 157 തൊഴിലാളികൾ പങ്കെടുത്തു.
വിവിധ പഠന വിഷയങ്ങളിൽ ഇ.ഐ.ടി നടത്തിയ പ്രത്യേക ടെസ്റ്റുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. സർക്കാർ നിർദേശങ്ങൾക്ക് അനുസൃതമായി, എൻറോൾ ചെയ്ത ജീവനക്കാർക്ക് ആവശ്യമായ വൈദഗ്ധ്യം നേടുന്നതിനും അറിവ് വർധിപ്പിക്കുന്നതിനും പ്രകടനം മെച്ചപ്പെടുത്തുന്നതിനും അതോടൊപ്പം ശാസ്ത്രീയവും തൊഴിൽപരവുമായ മേഖലകളുമായി പൊരുത്തപ്പെടാൻ അവരെ പ്രാപ്തരാക്കുന്നതിനുമായി നിരവധി പ്രോഗ്രാമുകളും സാങ്കേതിക വിദ്യകളും ആർ.ടി.എ നൽകിവരുന്നുണ്ട്.
സുസ്ഥിര ഗതാഗതരംഗത്ത് ജീവനക്കാരുടെ അറിവ് വർധിപ്പിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യ പ്രവണതകളെക്കുറിച്ച് അടുത്തറിയുന്നതിനും ഇത്തരം പരിശീലന പദ്ധതികൾ സഹായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
യൂറോപ്യൻ യൂനിയനിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് ഇ.ഐ.ടി അർബൻ മൊബിലിറ്റി. നൂതന ആശയങ്ങളുടെ ശേഷി വർധിപ്പിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സുസ്ഥിരവും സ്മാർട്ടുമായ വളർച്ച നേടുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 2008ൽ സ്ഥാപിതമായതാണ് ഇ.ഐ.ടി അർബൻ മൊബിലിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.