ദുബൈ: സ്പെയിനിലെ ബാഴ്സലോണയിലും തിളങ്ങി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ബാഴ്സയിൽ നടക്കുന്ന യു.ഐ.ടി.പി ഗ്ലോബൽ പബ്ലിക് ട്രാൻസ്പോർട്ട് ഉച്ചകോടിയിലാണ് ആർ.ടി.എയുടെ ഡ്രൈവറില്ലാ വാഹനവും സുസ്ഥിര ഗതാഗത സംവിധാനവുമെല്ലാം അവതരിപ്പിച്ചത്. പ്രദർശന നഗരിയിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ആർ.ടി.എ. 2026ഓടെ പുറത്തിറക്കാനുദ്ദേശിക്കുന്ന പറക്കും ടാക്സി പദ്ധതി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ലോകത്തിലെ ആദ്യ സംരംഭമായിരിക്കും ഇത്. പാമിലെ അറ്റ്ലാന്റിസിൽ നിന്ന് വിനോദ സഞ്ചാരികളുമായി പറക്കാനൊരുങ്ങുന്ന ടാക്സി ബ്രസീലിയൻ കമ്പനിയായ ഈവ് ഹോൾഡിങ്ങുമായി സഹകരിച്ചാണ് പുറത്തിറക്കുന്നത്.
ദുബൈയിലെ താമസ സ്ഥലങ്ങളിൽ ഭക്ഷണമെത്തിക്കുന്ന റോബോട്ട് ഡെലിവറി ബോയ്സിനെയും ബാഴ്സലോണയിൽ കാണാം. തലബാത്തിന്റെ റോബോട്ടാണിത്. ദുബൈ സിലിക്കൺ ഒയാസിസിലെ സെഡർ വില്ലയിൽ ഇതിനകം ഈ റോബോട്ട് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ഓർഡർ ചെയ്ത് 15 മിനിറ്റിനകം ഭക്ഷണം എത്തിക്കും. കുട്ടികളിൽ നിന്നും വളർത്തു മൃഗങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിച്ചാണ് യാത്ര. റോബോട്ട് വീടിനടുത്ത് എത്തിയാൽ ഉപഭോക്താക്കൾക്ക് ആപ്പിന്റെ സഹായത്തോടെ റോബോട്ട് സാന്നിധ്യം അറിയാൻ സാധിക്കും. ആപ്പിൽ പറയുന്ന നിർദേശങ്ങൾ അനുസരിച്ച് കണ്ടെയ്നർ തുറന്ന് ഭക്ഷണം കൈപ്പറ്റാം. ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളിൽ പണം അടക്കാൻ ഉപയോഗിക്കുന്ന നോൾ ആപ്പും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട് ഫോൺ ഉപയോക്താക്കൾക്ക് നോൾ ആപ്പ് വഴി മറ്റിടങ്ങളിലും പണം അടക്കാൻ കഴിയും. പൊതുഗതാഗത യാത്രക്കാരെ സഹായിക്കുന്ന ‘ഷായ്ൽ’ സ്മാർട്ട് ആപ്പും കാണാം.
ദുബൈ മെട്രോയുടെ വിവരണങ്ങളും ലോകത്തിന് മുമ്പിൽ അവതരിപ്പിക്കുന്നുണ്ട് ആർ.ടി.എ. പൊതു ഗതാഗതം കാർബൺരഹിതമാക്കുന്ന ‘സീറോ എമിഷൻ പ്ലാൻ 2050’നെ കുറിച്ചും പ്രദർശനത്തിൽ വിവരിക്കുന്നുണ്ട്. യു.എ.ഇ ആതിഥ്യം വഹിക്കുന്ന കാലാവസ്ഥ വ്യതിയാന ഉച്ചകോടി ‘കോപ് 28’ന്റെയും നെറ്റ് സീറോ എമിഷൻ 2050 സംരംഭത്തിന്റെയും ഭാഗമായാണ് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 2030 ഓടെ പൊതുഗതാഗത ബസുകളിൽ 10 ശതമാനം ഇലക്ട്രിക്, ഹൈഡ്രജൻ സംവിധാനത്തിലേക്ക് മാറ്റും. 2035ൽ ഇത് 20 ശതമാനമായും 2040ൽ 40 ശതമാനമായും 2045ൽ 80 ശതമാനമായും 2050 ഓടെ 100 ശതമാനവും കാൺബൺ രഹിത ഊർജത്തിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ആകാശത്ത് പറന്ന് നടക്കാൻ ഉപയോഗിക്കുന്ന പേഴ്സനൽ ജെറ്റ് പാക്ക് മുതൽ ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത കാർ വരെ അവതരിപ്പിച്ചിട്ടുണ്ട്.
മെഡിക്കൽ ഡ്രോണുകൾ, ഇലക്ട്രിക് ബൈക്ക്, ഇലക്ട്രിക്കൽ എയർ ക്രാഫ്റ്റുകൾ തുടങ്ങിയവയെല്ലാം കാണാം. നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത വാഹനങ്ങളുടെ പ്രോട്ടോ ടൈപ്പാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഈ വർഷം അവസാനം പുറത്തിറക്കാനുദ്ദേശിക്കുന്ന സ്വയം നിയന്ത്രിത ഇലക്ട്രിക് ബസുകളെ കുറിച്ചും ഇവിടെ വിവരിക്കുന്നു. ആർ.ടി.എയുടെ വിവിധ പദ്ധതികൾക്ക് പ്രദർശന നഗരിയിൽ അവാർഡും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.