ദുബൈ: അടുത്ത വർഷങ്ങളിൽ ദുബൈയിലെ എല്ലാ ഗതാഗത സംവിധാനങ്ങൾക്കുമുള്ള ബുക്കിങ്ങും ടിക്കറ്റിങ്ങും ഏകീകരിക്കാൻ പദ്ധതിയിടുന്നതായി ആർ.ടി.എ. 'മെന' ട്രാൻസ്പോർട്ട് കോൺഗ്രസിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇക്കാര്യം അധികൃതർ വ്യക്തമാക്കിയത്. ദുബൈയിലെ ഗതാഗത മേഖലയുടെ വികസനത്തിനായി ഘട്ടംഘട്ടമായുള്ള പദ്ധതികൾ നടപ്പാക്കുമെന്നും ചടങ്ങിൽ സംസാരിച്ച ആർ.ടി.എ സ്മാർട്ട് സർവിസസ് ഡയറക്ടർ മീറ അൽശൈഖ് ചടങ്ങിൽ പറഞ്ഞു.
ആർ.ടി.എയുടെയും അല്ലാത്തതുമായ എല്ലാ ഗതാഗത സംവിധാനങ്ങളുടെയും ബുക്കിങ്ങും ടിക്കറ്റ് എടുക്കലും ഏകീകരിക്കാനാണ് 2023-24 കാലഘട്ടത്തിൽ പദ്ധതിയിടുന്നത്. നിലവിൽ കരീം, യുഡ്രൈവ്, ഊബർ, ഇ-കാർ, ഹലാ തുടങ്ങിയ വ്യത്യസ്ത സംവിധാനത്തിലൂടെ നൽകുന്ന സേവനങ്ങളാണ് ഇതിലൂടെ എകീകരിക്കപ്പെടുക.
ലോകത്തെ ഏറ്റവും മികച്ച ഗതാഗത സംവിധാനങ്ങളുള്ള നഗരമെന്ന നിലയിൽ സാങ്കേതിക സന്നാഹങ്ങൾ മികച്ചതാക്കാൻ ആർ.ടി.എ തുടക്കം മുതൽ ശ്രമിച്ചിട്ടുണ്ടെന്ന് മീറ അൽശൈഖ് കൂട്ടിച്ചേർത്തു. ഏകീകൃത സംവിധാനങ്ങൾകൊപ്പം ഏകീകൃത നിയന്ത്രണങ്ങളും 2023-24ൽ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച 'മെന' ട്രാൻസ്പോർട്ട് കോൺഗ്രസിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനം ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.