ദുബൈ: കോവിഡ് മഹാമാരിക്കെതിരെ വാക്സിൻ വിപ്ലവം തീർത്ത് പ്രതിരോധം തുടരുന്ന ദുബൈയിൽ മാതൃകകാട്ടി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). പൊതുഗതാഗത സംവിധാനങ്ങളിലെ യോഗ്യരായ മുഴുവൻ ഡ്രൈവർമാർക്കും കോവിഡ് വാക്സിൻ രണ്ടാം ഡോസും നൽകിയാണ് ആർ.ടി.എ പ്രതിരോധപരിപാടിയിൽ ഒരുപടി മുന്നിലെത്തിയിരിക്കുന്നത്.
20,000ലധികം ഡ്രൈവർമാരാണ് കോവിഡ് വാക്സിൻ പൂർണമായി സ്വീകരിച്ചിരിക്കുന്നത്. ആർ.ടി.എയുടെ വിവിധ ഏജൻസികളിലെയും മേഖലകളിലെയും മുൻനിര പ്രവർത്തകരെയും ജീവനക്കാരെയും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വാക്സിനേഷൻ ഡ്രൈവ് മികച്ച നിലയിൽ മുന്നേറുകയാണെന്ന് ആർ.ടി.എ അറിയിച്ചു. സ്പെഷലിസ്റ്റ് ആരോഗ്യകേന്ദ്രങ്ങളിൽ നൽകിയിട്ടുള്ള വാക്സിൻ ഷോട്ടുകൾ എടുക്കാൻ ജീവനക്കാരെ അറിയിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ആർ.ടി.എ പ്രചാരണത്തിന് തുടക്കംകുറിച്ചതെന്ന് ആർ.ടി.എയിലെ കോർപറേറ്റ് ഗവേണൻസ് സെക്ടർ ഡയറക്ടർ നാഡാ ജാസിം പറഞ്ഞു. ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ), ആരോഗ്യമേഖലയിലെ വിദഗ്ധർ എന്നിവരുമായി സഹകരിച്ച് ആർ.ടി.എ രണ്ട് ആഭ്യന്തരകേന്ദ്രങ്ങൾ തയാറാക്കിയാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയത്.
ദുബൈയിൽ സർവിസ് നടത്തുന്ന ടാക്സി, ബസ് ഡ്രൈവർമാർക്ക് മാത്രമായി ഒരു കേന്ദ്രമൊരുക്കിയപ്പോൾ ആർ.ടി.എ ജീവനക്കാർക്കുവേണ്ടി മറ്റൊരു വാക്സിനേഷൻ സെൻററും സജ്ജമാക്കി. ഡ്രൈവർമാർ, ഫ്രണ്ട് എൻഡ് സ്റ്റാഫ്, മെട്രോ, ട്രാം ഓപറേറ്റർമാർ, പാർക്കിങ് ഇൻസ്പെക്ടർമാർ, മറ്റു ജീവനക്കാർ, അവരുടെ താൽപര്യമുള്ള കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ 40,000ഓളം പേർക്കാണ് ഇതിനകം ആർ.ടി.എയുടെ നേതൃത്വത്തിൽ വാക്സിൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.