ദുബൈ: എമിറേറ്റിലെ ട്രക്ക് ഡ്രൈവർമാരെ ലക്ഷ്യംവെച്ച് ബോധവത്കരണവും പരിശോധനയും ശക്തമാക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ പൊലീസുമായി സഹകരിച്ചാണ് ആർ.ടി.എ വിവിധ വകുപ്പുകൾ കാമ്പയിൻ സംഘടിപ്പിച്ചത്.
ഹെവി വാഹനങ്ങൾ ഓടിക്കുന്നതിന് ആവശ്യമായ പ്രത്യേക അനുമതി ഡ്രൈവർമാർ നേടിയിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. കാമ്പയിൽ എമിറേറ്റിലെ 1000 ഡ്രൈവർമാരിലേക്ക് എത്തിയതായി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 100 ശതമാനം വളർച്ചയാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്.
കാമ്പയിൻ ആരംഭിച്ചശേഷം ഹെവി വാഹനങ്ങളുടെ ഡ്രൈവിങ് പെർമിറ്റിനായി ലഭിക്കുന്ന അപേക്ഷകരുടെ എണ്ണം വർധിച്ചതായും അധികൃതർ വ്യക്തമാക്കി. പുതിയ അപേക്ഷകരും നേരത്തേയുള്ള അനുമതി പുതുക്കുന്നവരും അടക്കം പതിനായിരത്തിലേറെ അപേക്ഷകളാണ് ഈ വർഷം മാത്രം ലഭിച്ചത്. 4135 അപേക്ഷകൾ മാത്രമാണ് കഴിഞ്ഞ വർഷം ലഭിച്ചിരുന്നത്.
റാസൽഖേർ റോഡ്, എമിറേറ്റ്സ് റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബൈ-അൽഐൻ റോഡ്, ആൽ മക്തൂം റോഡ്, അൽ ഖൈൽ റോഡ് എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനയും ബോധവത്കരണവും നടക്കുന്നത്. ഹെവി വാഹന അനുമതിക്കുള്ള അപേക്ഷയുടെ രീതിയും അപേക്ഷ സമർപ്പിക്കേണ്ട ചാനലുകളും ഡ്രൈവർമാർക്ക് അധികൃതർ കാമ്പയിനിന്റെ ഭാഗമായി വിശദീകരിച്ചുനൽകുന്നുണ്ട്. റോഡിൽ പാലിക്കേണ്ട സുരക്ഷാമാനദണ്ഡങ്ങൾ സംബന്ധിച്ചും പഠിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.