ദുബൈ: നിരവധി ആനുകൂല്യങ്ങളുമായി വ്യക്തികൾക്കും കോർപറേറ്റുകൾക്കും ഉപയോഗിക്കാവുന്ന പ്രീമിയം കാർഡ് പുറത്തിറക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). കാർഡിന്റെ വിതരണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അർഹരായ ഉപയോക്താക്കൾക്ക് ഫോണിലേക്ക് കാർഡ് ലിങ്ക് അയച്ചുനൽകുകയാണ് ചെയ്യുന്നത്. ആർ.ടി.എ സർവിസ് കേന്ദ്രങ്ങളിൽ എത്തുമ്പോൾ ഡിജിറ്റൽ കാർഡ് കാണിച്ചാൽ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. ആദ്യ ഘട്ടത്തിൽ 40,000 ഉപയോക്താക്കൾക്കാണ് കാർഡ് നൽകിയതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ടാം ഘട്ടത്തിൽ കൂടുതൽ പേർക്ക് വിതരണം ചെയ്യാൻ ആസൂത്രണം ചെയ്തുവരുന്നതായും ആർ.ടി.എ വെളിപ്പെടുത്തി.
കാർഡ് ലഭിക്കുന്നവർക്ക് ആർ.ടി.എ ഔട്ട്ലറ്റുകളിൽ ഫാസ്റ്റ് ട്രാക്ക് സർവിസ് ലഭ്യമായിരിക്കും. കാൾ സെന്ററുകളിൽ അന്വേഷണങ്ങൾക്ക് അതിവേഗത്തിൽ മറുപടി ലഭിക്കുകയും ചെയ്യും. അതോടൊപ്പം പ്രത്യേക വാഹന പരിശോധന, രജിസ്ട്രേഷൻ സേവനങ്ങളും ലഭിക്കും. ആർ.ടി.എ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിലേക്ക് ക്ഷണവും പ്രീമിയം കാർഡുള്ളവർക്ക് ലഭിക്കും. ആർ.ടി.എയുടെ സർവേകളിലും പരിപാടികളിലും
പങ്കെടുക്കുന്നവരെയാണ് പ്രീമിയം കാർഡിനായി തിരഞ്ഞെടുക്കാറുള്ളത്. വ്യത്യസ്ത രീതികളിലൂടെ ആർ.ടി.എ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നവരെയും കാർഡിന് തിരഞ്ഞെടുക്കാറുണ്ട്. ഉപഭോക്താക്കളുടെ ആർ.ടി.എ സേവനങ്ങളുടെ ഉപയോഗവും മറ്റു രീതികളും പരിഗണിച്ചാണ് സംവിധാനം ഏർപ്പെടുത്തിയത്. ആർ.ടി.എ സേവനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയും ഉപയോക്താക്കളുടെ സന്തോഷം വർധിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.