ഷാർജ: 40ലേറെ പുസ്തകങ്ങളുടെ രചയിതാവാണ് ഷാർജ ഭരണാധികാരിയായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. മലയാളത്തിലേക്കടക്കം നിരവധി ഭാഷകളിലേക്ക് ശൈഖ് സുൽത്താെൻറ പുസ്തകങ്ങൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
1971ല്‍ യു.എ.ഇ രൂപവത്കൃതമായപ്പോള്‍ രാജ്യത്തിെൻറ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതുമുതൽ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തിനും ശാസ്ത്ര- സാങ്കേതിക മേഖലയിലും സാംസ്കാരിക നിലവാരത്തിലുമെല്ലാം കുതിക്കാനുള്ള അടിത്തറയാണ് ലഭിച്ചത്.
കേവലം ഒരുവർഷം കൊണ്ട് വിദ്യാഭ്യാസ മേഖലയിൽ വരുത്തിയ പരിഷ്കാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1939ല്‍ ശൈഖ് മുഹമ്മദ് ബിൻ സാഖര്‍ ബിൻ ഖാലിദ് അൽ ഖാസ്മിയുടെയും ശൈഖ മറിയം ബിന്‍ ഖാനേം ബിൻ സലേം അല്ഷാംയസിയുടെയും മകനായി ജനിച്ച ശൈഖ് സുൽത്താൻ ഷാർജ ഖാസിമിയ അല്‍ ഇസ്വലാഹ് സ്കൂളിലാണ് പ്രാഥമിക പഠനം ആരംഭിച്ചത്. പനയോല മേഞ്ഞ ഈ സ്കൂളിലെ കായിക മേഖലയിലും സാംസ്കാരിക പരിപാടികളിലും ശൈഖ് സുൽത്താൻ പങ്കെടുത്തു. നാടക രചയിതാവ്, നടൻ തുടങ്ങി പഠനകാലത്ത് തന്നെ ശ്രദ്ധിക്കപ്പെട്ടു. ഷാർജ റോളയിലെ മ്യൂസിയം സമുച്ചയത്തിലെത്തിയാൽ ഈ സ്കൂളിെൻറ ചരിത്രം കണ്ടറിയാം. ദർഹാം സർവകലാശാലയിൽനിന്നും എക്സൈറ്റർ സർവകലാശാലയില്‍നിന്നും ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഷാർജ അമേരിക്കൻ യൂനിവേഴ്സിറ്റി, യൂനിവേഴ്സിറ്റി ഓഫ് ഷാർജ എന്നിവയുടെ പ്രസിഡന്റ് പദവിയും വഹിക്കുന്നു. കൈറോ യൂനിവേഴ്സിറ്റി, ഗൾഫ് യൂനിവേഴ്സിറ്റി ഓഫ് ഷാർജ, എക്സൈറ്റർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രഫസർ, വിസിറ്റിങ് പ്രഫസർ എന്നീ പദവികളും വഹിച്ചിരുന്നു.
ഷാർജ: വാസ്കോഡഗാമയുടെ കോഴിക്കോട്ടേക്കുള്ള പ്രഥമ അധിനിവേശ യാത്രയുടെ വഴികാട്ടിയായി അവരോധിക്കപ്പെടുന്നത് വിഖ്യാത അറബിനാവികനായിരുന്ന അഹ്മദ് ഇബ്നുമാജിദാണ്.മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ചരിത്ര പുസ്തകം പോലും ഇതാവർത്തിക്കുന്നുണ്ട്. എന്നാൽ, ഇത് തീർത്തും അബദ്ധമാണെന്നും യഥാർഥ ചരിത്രം അതല്ലായെന്നും അരക്കിട്ടുറപ്പിക്കുന്ന കൃതിയാണ് ശൈഖ് സുൽത്താൻ എഴുതിയ 'ചരിത്രകാരൻമാർക്കൊരു നിവേദനം' എന്ന പുസ്തകം.
അബ്ദുറഹ്മാന് ആദൃശ്ശേരിയാണ് ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. ഓറിയൻറലിസ്റ്റ് സാഹിത്യകാരന്മാര് അറേബ്യന്‍ ഉൾക്കടലിലെ അറബ് കൊള്ളക്കാരെക്കുറിച്ചെഴുതിക്കൂട്ടിയ മിത്തുകളെ ചരിത്രപരമായി വിശകലനം ചെയ്യുകയും പ്രമാണങ്ങളുടെ വെളിച്ചത്തില്‍ തുറന്നുകാണിക്കുകയും ചെയ്യുന്നുണ്ട് ഈ ഗ്രന്ഥം. 1999-2000 അധ്യയന വർഷത്തിൽ ആധുനിക അറേബ്യന്‍ ഗൾഫിെൻറ ചരിത്രത്തെക്കുറിച്ച് ഷാർജ യൂനിവേഴ്സിറ്റിയിൽ ക്ലാസെടുക്കുന്ന വേളയിലാണ് ഇബ്നു മാജിദിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളുടെ വ്യാപ്തി ഗ്രന്ഥകാരന് മനസ്സിലാക്കുന്നത്. തുടർന്ന് മുംബൈ ലൈബ്രറിയിൽ എത്തിയ സുൽത്താൻ, വാസ്ഗോഡഗാമയുടെ ദിനസരികുറിപ്പുകളടക്കം പഠനവിധേയമാക്കുകയും നിലവിലുള്ള അബദ്ധ ചരിത്രങ്ങളെ ഖണ്ഡിച്ച് പുസ്തകം എഴുതുകയുമായിരുന്നു.
അംഗീകാരങ്ങളുടെ വേലിയേറ്റം
ഷാർജ: കേരളത്തിനെ ഏറെ സ്നേഹിക്കുന്ന അറബ് ഭരണാധികാരികളിൽ മുൻനിരയിൽ ശൈഖ് സുൽത്താനുണ്ട്. മലയാളിയായ പോറ്റമ്മയിൽനിന്ന് പകർന്നുകിട്ടിയ മലയാളം ഇന്നും മറന്നിട്ടില്ല ശൈഖ് സുൽത്താൻ. കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് നൽകി ശൈഖ് സുൽത്താനെ ആദരിച്ചിരുന്നു.
യൂനിയന്‍ ഓഫ് അറബ് യൂനിവേഴ്സിറ്റി, അറബ് തിയറ്റര്‍ ഇൻസ്റ്റിറ്റ്യൂട്ട്, സൊസൈറ്റി ഓഫ് അറബ് അസ്ട്രോണമി ആൻഡ് സ്പേസ് സയൻസ്, ഇസ്ലാമിക് ഇന്റർനാഷനൽ ഓർഗനൈസേഷന് ഫോർ ദി ഹിസ്റ്ററി സയൻസ് തുടങ്ങി പന്ത്രണ്ടോളം പ്രസ്ഥാനങ്ങളുടെ ഓണററി പ്രസിഡന്റ് പദവി ശൈഖ് സുൽത്താൻ വഹിക്കുന്നുണ്ട്.
യു.എ.ഇയും ദക്ഷിണ കൊറിയയും ഡോക്ടറേറ്റ് നല്കി ആദരിച്ചിട്ടുണ്ട്. ജപ്പാനിലെ കനാസാവ യൂനിവേഴ്സിറ്റി, ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് സർജന്റ്സ്, എഡിൻബർഗ് യൂനിവേഴ്സിറ്റി, കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റി, യു.കെയിലെ യൂനിവേഴ്സിറ്റി ഓഫ് ഷെഫീൽഡ്, യൂനിവേഴ്സിറ്റി ഓഫ് ജോർഡൻ, ജർമനിയിലെ യൂനിവേഴ്സിറ്റി ഓഫ് ഡുബിംഗന്, അർമേനിയൻ അക്കാദമി സയൻസ്, എം.സി മാസ്റ്റര്‍ കാനഡ, സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റി ഓഫ് ലണ്ടൻ, മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റി, മോസ്കോയിലെ അക്കാദമി ഓഫ് റഷ്യന്‍ സ്റ്റഡീസ്, എക്സ്റ്റർ യൂനിവേഴ്സിറ്റി ഓഫ് യു.കെ, യൂനിവേഴ്സിറ്റി ഓഫ് ഖർത്തൂം സുഡാൻ തുടങ്ങിയ നിരവധി പ്രശസ്ത കലാലയങ്ങളും ശൈഖ് സുൽത്താനെ ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
ഷാർജ: മലയാളികളുടെ ഗൾഫ് മേഖലയിലേക്കുള്ള ആദ്യകാല യാത്ര അവസാനിച്ചിരുന്നത് ഷാർജയുടെ തുറമുഖ ഉപനഗരമായ ഖോർഫക്കാൻ തീരത്തെ അടയാള പാറകളുടെ അടുത്തായിരുന്നു. അവിടെനിന്ന് തുടങ്ങിയ ഷാർജയോടൊപ്പമുള്ള യാത്ര ഇവിടെ എത്തിനിൽക്കുമ്പോൾ മധുരമുള്ള ഓർമകളാണ് മലയാളികളുടെ മനം നിറയെ. ഷാർജയുടെ സർക്കാർ മേഖലയിൽ മലയാളികൾ ധാരാളമുണ്ട്. അല്ലാത്ത മേഖലകളിലും മലയാളികൾ യഥേഷ്ടമാണ്.
കുട്ടിക്കാലത്ത് നോക്കിവളർത്തിയ മലയാളി പോറ്റമ്മയിൽനിന്ന് കിട്ടിയ സ്നേഹം മലയാളികൾക്കാകെ പകർന്നുകൊടുക്കുന്നുണ്ട് സുൽത്താൻ എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള. മലയാള പുസ്തകങ്ങൾ മാത്രം പ്രകാശനം ചെയ്യാനായി ഇന്ത്യൻ പവലിയനിൽ ഒരുക്കുന്ന വേദിയിൽ നൂറിലേറെ പുസ്തകങ്ങളാണ് കഴിഞ്ഞതവണ പ്രകാശനം ചെയ്യപ്പെട്ടത്.
മലയാളികളോട് പ്രത്യേക വാത്സല്യം ഷാർജക്കുണ്ട്. മലയാളി കൂട്ടായ്മകളുടെ പരിപാടികളിൽ അധികവും നടക്കുന്നത് ഇവിടെയാണ്. കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ശൈഖ് സുൽത്താനെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.