ഏതൊക്കെ ബാങ്കുകൾക്കാണ് നിയന്ത്രണമെന്ന് വെളിപ്പെടുത്തിയിട്ടില്ല
ദുബൈ: എമിറേറ്റിലെ എട്ടു ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ (സി.ബി.യു.എ.ഇ) ഭരണപരമായ വിലക്ക് ഏർപ്പെടുത്തി. നാഷനൽ ഡിഫോൾട്ടഡ് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് (എൻ.ഡി.ഡി.എസ്.എഫ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഇടപാടുകാർക്ക് വായ്പകളോ ക്രെഡിറ്റ് സൗകര്യങ്ങളോ നൽകരുതെന്ന സി.ബി.യു.എ.ഇയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എട്ട് ബാങ്കുകൾക്ക് ഭരണപരമായ വിലക്ക് ഏർപ്പെടുത്തിയതെന്ന് ബാങ്ക് റെഗുലേറ്റർ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ, ഏതൊക്കെ ബാങ്കുകൾക്കാണ് നിയന്ത്രണമെന്ന് വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇയുടെ സാമ്പത്തിക സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷിതത്വവും സുതാര്യതയും സത്യസന്ധതയും ഉറപ്പുവരുത്തുന്നതിനുമായി യു.എ.ഇ കൊണ്ടു വന്ന നിയമങ്ങളും നിയന്ത്രണ അതോറിറ്റി നിഷ്കർഷിക്കുന്ന നിലവാരവും ബാങ്കുകൾ ഉൾപ്പെടെ ലൈസൻസുള്ള ധനകാര്യ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് കടുത്ത നടപടിയെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
ബാങ്കിങ് റെഗുലേറ്ററി അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ സെൻട്രൽ ബാങ്ക് നേരത്തെയും കടുത്ത നിലപാട് എടുത്തിരുന്നു. നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് എക്സ്ചേഞ്ച് ഹൗസിനെതിരെയാണ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.