അബൂദബി: കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍നിന്ന് വികസിതരാജ്യങ്ങള്‍ പിന്നോട്ടുപോവുന്നതിനെ വിമര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്. കാലാവസ്ഥ വെല്ലുവിളികളില്‍ ദരിദ്രരാഷ്ട്രങ്ങള്‍ തകരുമ്പോള്‍ ഇവ നേരിടുന്നതില്‍ വികസിതരാജ്യങ്ങള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റില്‍ ചേര്‍ന്ന രണ്ടാമത് ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാര്‍ബണ്‍ സ്പേസ് കൈയടക്കുന്നവര്‍ മറ്റുള്ളവരെ സഹായിക്കുമെന്ന് വാക്കുനല്കിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, അവര്‍ ലോകത്തെ മാറ്റിമറിക്കുകയാണ് ചെയ്യുന്നത്. വാഗ്ദാനത്തില്‍നിന്ന് പിന്നോട്ടടിക്കുന്നതിന് അവര്‍ പല തൊടുന്യായങ്ങളാണ് പറയുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗാര്‍ഗാഷ് ചര്‍ച്ചയില്‍ പങ്കെടുത്തു. ആഗോളസ്വാധീനത്തിന്റെ പങ്കാളികള്‍ എന്നപേരില്‍ നടക്കുന്ന ചതുര്‍ദിന സമ്മേളനത്തില്‍ യു.എ.ഇയും ഇന്ത്യയും തമ്മിലെ ബന്ധവും മാറുന്ന ആഗോളരാഷ്ട്രീയവും ചര്‍ച്ച ചെയ്തു. ഈജിപ്തില്‍ ചേര്‍ന്ന കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടിസ് (കോപ്) 27ല്‍ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിച്ച ദരിദ്രരാജ്യങ്ങളെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, ഈ ഫണ്ട് പ്രാവര്‍ത്തികമാക്കിയെടുക്കുന്നതിന് ഏറെ വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. യു.എസും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും നാളുകളായി എതിര്‍ത്തിരുന്നതാണ് ഇത്തരമൊരു ഫണ്ട് രൂപവത്കരണം.
കോപ് 28ന് യു.എ.ഇയാണ് അടുത്തവര്‍ഷം ആതിഥ്യംവഹിക്കുന്നതെന്നും ദരിദ്രരാഷ്ട്രങ്ങള്‍ നേരിടുന്ന കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനുള്ള പരിഹാരങ്ങള്‍ക്കായി യു.എ.ഇ കൂടുതല്‍ ശ്രമിക്കുമെന്നും ഡോ. അന്‍വര്‍ ഗാര്‍ഗാഷ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തെ നേരിടുന്നതിന് ആഗോളതാപന തോത് 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താനുള്ള 'കോപ് 21'ലെ തീരുമാനം നടപ്പായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോപ് 21ല്‍ ഒപ്പിട്ട 196 രാജ്യങ്ങളില്‍ അംഗമായിരുന്നു യു.എ.ഇയും. അതേസമയം, 2050ഓടെ സംപൂജ്യ കാര്‍ബണ്‍ രഹിത ഊര്‍ജമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് യു.എ.ഇ. ഇതിനായി സൗരോര്‍ജ, ഇതര ശുദ്ധോര്‍ജ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപം ഇറക്കിവരുകയാണ് യു.എ.ഇയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.