റാസല്‍ഖൈമ: ആഗോള സുരക്ഷ സൂചികകളുടെ അടിസ്ഥാനത്തില്‍ റാസല്‍ഖൈമയെ സമ്പൂര്‍ണ സുരക്ഷിത നഗരമാക്കാനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെന്ന് അധികൃതര്‍. ഇതോടനുബന്ധിച്ച് സേഫ് സിറ്റി ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിത ബുദ്ധി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഗേറ്റുകള്‍ റോഡില്‍ സ്ഥാപിക്കുന്നതിനുള്ള ആദ്യഘട്ടം ആരംഭിച്ചതായി റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. റാസല്‍ഖൈമയിലെ പ്രധാന പാതകളില്‍ 20 സ്മാര്‍ട്ട് ഗേറ്റുകളാണ് സ്ഥാപിക്കുക. രാജ്യത്ത് സമ്പൂര്‍ണ സുരക്ഷിതത്വമെന്ന രാഷ്ട്രനായകരുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും തന്ത്രപരമായ ആശയത്തിൽ നിന്നാണ് റാസല്‍ഖൈമയില്‍ സ്മാര്‍ട്ട് സേഫ്റ്റി പദ്ധതി നടപ്പാക്കുന്നത്.
അപകടങ്ങളും തുടര്‍ന്നുള്ള ദുരന്തങ്ങളും ഒഴിവാക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ക്കൊപ്പം നൂതന സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കുന്നത് സമൂഹ സുരക്ഷ വര്‍ധിപ്പിക്കും. പ്രധാന റോഡുകളുടെ പ്രവേശന കവാടങ്ങളില്‍ സ്ഥാപിക്കപ്പെടുന്ന സ്മാര്‍ട്ട് ഗേറ്റുകള്‍ റാക് പൊലീസ് ഓപറേഷന് റൂമുമായി ബന്ധിപ്പിക്കും.
മുഴുസമയ നിരീക്ഷണത്തിനും സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനും നിർമിത ബുദ്ധി സ്മാര്‍ട്ട് കാമറകള്‍ ഉപകരിക്കും. അപകടങ്ങളുടെ സ്മാര്‍ട്ട് റിപ്പോര്‍ട്ടിങ്ങിനൊപ്പം സുരക്ഷിതമായ ട്രാഫിക് അന്തരീക്ഷം സംജാതമാക്കാനും ഇത് സഹായിക്കും.
റോഡിലെ ട്രാഫിക്കുകളെക്കുറിച്ചും കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും റോഡുകളില്‍ സ്ഥാപിക്കുന്ന സ്മാര്‍ട്ട് ഗേറ്റ് സ്ക്രീനുകളിലൂടെ റോഡ് ഉപയോക്താക്കള്‍ക്ക് അറിയാനാവും. സുസ്ഥിരമായ റോഡ് സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വേണ്ട ഇടപെടലുകള്‍ക്കും വേഗത്തിലുള്ള പ്രതികരണത്തിനും സ്മാര്‍ട്ട് ഗേറ്റുകള്‍ സഹായിക്കുമെന്നും അലി അബ്ദുല്ല തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.