അബൂദബി: അടിയന്തരഘട്ടത്തിൽ സേനയുടെ സന്നദ്ധത പരിശോധിക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി സഹകരിച്ച് അബൂദബിയിലെ ബറക്ക ആണവോര്‍ജ നിലയത്തില്‍ പ്രത്യേക അഭ്യാസപ്രകടനം നടത്തുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.ഒക്ടോബര്‍ 11നാണ് പൊലീസിന്റെ അഭ്യാസപ്രകടനം. ദേശീയ അടിയന്തര, ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 36 മണിക്കൂര്‍ നീളുന്നതാവും അഭ്യാസം.
യു.എ.ഇയുടെ ആണവോർജ മേഖലയിലും റോഡിയോളജി രംഗത്തും അടിയന്തര സാഹചര്യങ്ങളിൽ വിവിധ സേനകളുടെ പ്രതികരണസന്നദ്ധത എത്രത്തോളമുണ്ടെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.അടിയന്തരസാഹചര്യത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് ആണവ നിലയങ്ങളിൽ അടിയന്തര പ്രതികരണത്തിനായി പ്രത്യേക സേനകൾ സുസജ്ജമായിരിക്കണമെന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്റെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് മോക്ഡ്രിൽ ക്രമീകരിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്, ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി, അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, എമിറേറ്റ്സ് ആണവോര്‍ജ കോര്പറേഷന്, നവാഹ് എനര്‍ജി കമ്പനി, അബൂദബി ദേശീയ എണ്ണക്കമ്പനി എന്നിവയുമായി സഹകരിച്ചാണ് അബൂദബി പൊലീസിന്റെ അഭ്യാസം.ആണവസംബന്ധമായ അടിയന്തരസാഹചര്യങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യുന്നതില്‍ യു.എ.ഇയുടെ ശേഷി വെളിവാക്കുന്നതാവും അഭ്യാസപ്രകടനമെന്ന് ദുരന്തനിവാരണ അതോറ്റിയിലെ ഉപ വകുപ്പ് ഡയറക്ടർ ഹമദ് അല്‍ കാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.