ദുബൈ: ഇന്ത്യൻ ചെസിന് പുത്തൻപ്രതീക്ഷ സമ്മാനിക്കുകയാണ് യു.എ.ഇയിൽനിന്നൊരു മലയാളി ബാലൻ. ചതുരംഗത്തിലെ മികവുകൊണ്ട് നേട്ടങ്ങളിലേക്ക് കരുക്കൾ നീക്കുന്ന ഷാർജയിലെ അംബാസഡർ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ സഫിൻ സഫറുല്ലഖാനാണ് ചെസിലെ പുതുപ്രതീക്ഷ. കിഴക്കൻ ഭൂഖണ്ഡങ്ങളിലെ കുട്ടികൾ ആഗോളതലത്തിൽ മാറ്റുരച്ച ഇൻറർ കോണ്ടിനെൻറൽ ഓൺലൈൻ ചെസ് കിഡ് ഫിഡെ ചലഞ്ചിൽ അഭിമാന നേട്ടമാണ് കൊല്ലം സ്വദേശി സഫറുല്ലഖാൻ-ഷംന ദമ്പതികളുടെ മകനായ സഫിൻ സ്വന്തമാക്കിയത്. ഏഷ്യ, യൂറോപ്പ്, ആസ്ട്രേലിയ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽനിന്നായി 284 കുട്ടിത്താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ ചാമ്പ്യനായി.
കുഞ്ഞുനാളിൽ തന്നെ ചെസ് ബോർഡ് കളിപ്പാട്ടമാക്കിയ സഫിൻ പിതാവിൽനിന്നാണ് ബാലപാഠം പഠിച്ചത്. പിന്നീട് ഇരുവരും തമ്മിൽ നടന്ന കളികളിലെ പ്രകടനം കണ്ടാണ് പിതാവ് ദുബൈയിലെ ചെസ് ക്ലബ്ബിൽ ചേർത്തത്. പരിശീലനവും പരിശ്രമവും ആയതോടെ വിജയത്തിലേക്കുള്ള കരുനീക്കമായി.
കഴിഞ്ഞവർഷം നടന്ന ദുബൈ ഇൻറർ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-എട്ട് വിഭാഗത്തിൽ ചാമ്പ്യനായാണ് തുടക്കം. പിന്നാലെ അബൂദബി സ്പോർട്സ് കൗൺസിൽ നടത്തിയ യു.എ.ഇ ദേശീയദിന ടൂർണമെൻറിൽ റണ്ണറപ്പായി. മെക്കാനിക് ഇൻസ്റ്റിറ്റ്യൂട്ട് യു.എസ്.എ നടത്തിയ സ്കോളാസ്റ്റിക് ഓൺലൈൻ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തിന് പുറമെ ലണ്ടൻ ഗ്രാൻഡ് പ്രിക്സ് 2021 യോർക് ഷെയർ ജൂനിയറിലും ചാമ്പ്യനായി. ഇന്ത്യയിൽ സെൻ സ്പോർട്സ് നടത്തിയ ഇൻറർനാഷനൽ സ്കൂൾ മീറ്റിൽ രണ്ടാം സ്ഥാനവും കേരളത്തിൽ നടന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ നാലാം സ്ഥാനവുമാണ് ഇതുവരെയുള്ള നേട്ടങ്ങൾ.
മത്സരങ്ങൾ കൂടുതലും ഓൺലൈനിലേക്ക് മാറിയതോടെ അന്താരാഷ്ട്ര ടൂർണമെൻറിൽ പരമാവധി പങ്കെടുക്കുകയാണ് ലക്ഷ്യം. ജയമെന്നതിലുപരി മത്സരപരിചയം നേടുന്നതിൽ ശ്രദ്ധപുലർത്തുന്ന ഇൗ ഏഴു വയസ്സുകാരന് ലോകമറിയുന്ന താരമാകണമെന്നാണ് മോഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.