'സാലിക്' ഇനി ജോയന്‍റ് സ്റ്റോക് കമ്പനി

ദുബൈ: എമിറേറ്റിലെ റോഡുകളിലെ ടോൾ കലക്ഷൻ ഓപറേറ്ററായ 'സാലിക്' ജോയന്‍റ് സ്റ്റോക് കമ്പനിയാകും. നിയമപരവും സാമ്പത്തികവും ഭരണപരവുമായ സ്വയംഭരണാവകാശത്തോടെ 'സാലികി'നെ കമ്പനിയാക്കുന്ന ഉത്തരവ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുറപ്പെടുവിച്ചത്.

പുതിയ നിയമമനുസരിച്ച് കമ്പനിയുടെ എല്ലാ ഓഹരികളും ദുബൈ സർക്കാറിന്‍റെ ഉടമസ്ഥതയിലാണ്. എന്നാൽ, ഐ.പി.ഒ വഴിയോ സ്വകാര്യ മാർഗങ്ങളിലൂടെയോ വിൽക്കുന്ന ഷെയറുകളുടെ ശതമാനം നിർണയിക്കാൻ ദുബൈ എക്‌സിക്യൂട്ടിവ് കൗൺസിലിന് അധികാരമുണ്ട്. ഓഹരികൾ വിൽക്കുമ്പോഴും കമ്പനിയുടെ മൂലധനത്തിന്‍റെ 60 ശതമാനം ദുബൈ സർക്കാർ ഉടമസ്ഥതയിലായിരിക്കണമെന്ന നിബന്ധനയുണ്ട്.രജിസ്ട്രേഷൻ പൂർത്തിയായി 99 വർഷത്തേക്കാണ് 'സാലിക്' കമ്പനിയായി തുടരുക. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് മറ്റ് എമിറേറ്റുകളിലും ശാഖകളും ഓഫിസുകളും തുറക്കാം.

ടോൾ ഗേറ്റുകളുടെ പ്രവർത്തനവും മാനേജ്‌മെന്‍റുമായി ബന്ധപ്പെട്ട കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും ഔട്ട്‌സോഴ്‌സ് ചെയ്യാൻ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ)ക്ക് അധികാരമുണ്ട്.പ്രാദേശിക ഓഹരിവിപണിയിൽ 'സാലികി'നെ ലിസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് സർക്കാർ നടപടിയെന്നാണ് നടപടിയെ വിദഗ്ധർ വിലയിരുത്തുന്നത്.

അങ്ങനെയെങ്കിൽ ആർ.‌ടി.‌എ വിജയകരമായി കൈകാര്യം ചെയ്യുന്ന ബിസിനസിൽ നിക്ഷേപകർക്ക് പങ്കാളിത്തം നേടാനുള്ള മികച്ച അവസരമാണ് ലഭ്യമാകുകയെന്നും വിലയിരുത്തപ്പെടുന്നു. നേരത്തെ ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യുടെ ഷെയറുകൾ സ്വന്തമാക്കാൻ ഇനീഷ്യൽ പബ്ലിക് ഓഫർ(ഐ.പി.ഒ) പ്രഖ്യാപിച്ചിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് നിക്ഷേപകരിൽനിന്ന് ലഭിച്ചത്.

Tags:    
News Summary - Salik is now a joint stock company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.