ഗൾഫ് പ്രവാസത്തിെൻറ കഥ പറഞ്ഞ് ശ്രദ്ധ നേടിയ 'സമീർ' വെള്ളിയാഴ്ച മുതൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ലോക പ്രേക്ഷകരിലേക്കെത്തും. 'നീ സ്ട്രീം' ഒ.ടി.ടി.യിൽ ഉച്ചക്ക് 2:30 മുതൽ സംപ്രേഷണം ആരംഭിക്കും.
നീ സ്ട്രീം മൊബൈൽ ആപ്ലിക്കേഷൻ വഴി സ്മാർട്ട് ഫോണിലോ ആൻഡ്രോയ്ഡ് ടി.വിയിലോ സിനിമ കാണാൻ കഴിയും. കഴിഞ്ഞ ദേശീയ ചലച്ചിത്ര അവാർഡ് പട്ടികയുടെ ഫൈനൽ റൗണ്ടിൽ എത്തുകയും മൂന്ന് വിഭാഗങ്ങളിൽ അന്തിമ ഘട്ടം വരെ മത്സരിക്കുകയും ചെയ്ത ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് റഷീദ് പാറക്കൽ എന്ന മുൻ പ്രവാസിയാണ്. റഷീദ് പാറക്കൽ നേരിട്ട സ്വന്തം ജീവിതം കോറിയിട്ട 'ഒരു തക്കാളിക്കൃഷിക്കാരെൻറ സ്വപ്‌നങ്ങൾ' എന്ന നോവലിൽ നിന്നാണ് തിരക്കഥ രൂപപ്പെടുത്തിയത്.
സ്വൈഹാനിലെ കൃഷിത്തോട്ടങ്ങളിലും മരുഭൂമികളിലും ഫുജൈറ, അൽഐൻ എന്നിവിടങ്ങളിലും ഏതാനും ആഴ്ചകൾ പണിപ്പെട്ടാണ് ചിത്രമൊരുക്കിയത്. നാട്ടിൽ വടക്കാഞ്ചേരിയുടെ ഗ്രാമപ്രദേശങ്ങളിലാണ് ബാക്കിഭാഗം ചിത്രീകരിച്ചത്. നവാഗതനായ ആനന്ദ് റോഷൻ ശാരീരികമായും മാനസികമായും നടത്തിയ മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ സമീർ എന്ന കഥാപാത്രത്തെ ജീവസുറ്റതാക്കിയിട്ടുണ്ട്. മാമുക്കോയ, ഇർഷാദ്, വിനോദ് കോവൂർ, അനഘ സജീവ്, മഞ്ജു പത്രോസ്, നീനാ കുറുപ്പ്, ഫിദാ തുടങ്ങിയവരും കഥാപാത്രങ്ങളായി.
പ്രവാസലോകത്തെ അഷ്‌റഫ് കിരാലൂർ, കെ.കെ. മൊയ്തീൻ കോയ, ഗോപൻ മാവേലിക്കര, ബഷീർ സിൽസില, ഷാജഹാൻ ഒറ്റത്തയ്യിൽ, ഷെയ്‌ഖ സലിൻ, അഷറഫ് പിലാക്കൽ, മെഹ്ബൂബ് വടക്കാഞ്ചേരി, രാജു തോമസ്, എ.ആർ. ഷാനവാസ്, ഡോ. ആരിഫ്, ഷാനു, പ്രജീപ് ചന്ദ്രൻ, ജിമ്മി തുടങ്ങിയവരും അഭിനേതാക്കളായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.