ഷാർജ: 'ഞങ്ങൾ വെറുപ്പ് പ്രചരിപ്പിക്കുന്നവരല്ല, സംസ്കാരവും ശാസ്ത്രവും സ്നേഹവും പകർന്നുകൊടുക്കുന്നവരാണ്...' സാമിർ മൻസൂർ എന്ന ഫലസ്തീനി പ്രസാധകൻ മേയിൽ തെൻറ ചാരക്കൂമ്പാരമായ ഗ്രന്ഥാലയത്തിന് മുന്നിൽനിന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതാണിത്.
ഗസ്സയിലേക്ക് ഇസ്രായേൽ നടത്തിയ ബോംബുവർഷത്തിലാണ് സമീർ മൻസൂറിെൻറ രണ്ടുനില ലൈബ്രറി കെട്ടിടം തകർന്നത്. ലക്ഷത്തിലേറെ പുസ്തകങ്ങൾ പൊടിപടലമായി. യുദ്ധം അനാഥമാക്കിയ നഗരത്തിലെ എല്ലാ വിജ്ഞാനദാഹികളുടെയും ആശാകേന്ദ്രമായിരുന്നു അത്. കുട്ടികൾക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ മുതൽ ഗവേഷകർക്ക് ആവശ്യമായ ലോകോത്തര ഗ്രന്ഥങ്ങൾ വരെ ലഭ്യമായിരുന്ന ലൈബ്രറി. 24 മണിക്കൂറും ഉപയോഗിക്കാവുന്ന സജ്ജീകരണങ്ങളോടെ പ്രവർത്തിച്ച ഗ്രന്ഥശാല രണ്ടു പതിറ്റാണ്ട് മുമ്പാണ് പ്രവർത്തനം ആരംഭിച്ചത്.
ബോംബിങ്ങിൽ തകർക്കപ്പെട്ടതോടെ സാമിർ മൻസൂറിെൻറ എല്ലാ പ്രതീക്ഷകളും അസ്തമിച്ചത് പോലെയായി. എന്നാൽ ലോകത്തോട് തെൻറ ദുഃഖം വിളിച്ചു പറഞ്ഞതിനാൽ വൻ പിന്തുണ ലഭിച്ചു. പടിഞ്ഞാറൻ മാധ്യമങ്ങളടക്കം പ്രാധാന്യത്തോടെ വാർത്തയാക്കി. പിന്നീട് വിവിധ രാജ്യങ്ങളിൽ നിന്ന് സഹായമൊഴുകി. ചിലർ പുസ്തകങ്ങൾ അയച്ചു നൽകി, മറ്റു ചിലർ സാമ്പത്തിക സഹായവും നൽകി.
അതിലൂടെ ഇപ്പോൾ ആ ലൈബ്രറി പുനർജനിച്ചു. ലോകോത്തര പ്രസാധകർ ഒരുമിക്കുന്ന ഷാർജ പുസ്തകോത്സവത്തിൽ ഫലസ്തീനിൽ നിന്നെത്തിയ ഏതാനും പേരിൽ ഇത്തവണ സാമിർ മൻസൂറുമുണ്ട്. അഭിമാനത്തോടെ അതിജീവിച്ചതിെൻറ അനുഭവം വിവരിക്കുന്ന അദ്ദേഹം, ലോകത്തിെൻറ സഹായം ഇനിയും വേണമെന്ന് അഭിപ്രായപ്പെടുന്നു.
മേളയിലെ ഗസ്സയിൽ നിന്നുള്ള ഏക പ്രസാധകരാണ് 'സാമിർ മൻസൂർ ലൈബ്രറി ഫോർ പ്രിൻറിങ്, പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ'. നിരവധി ഫലസ്തീനി എഴുത്തുകാരുടെ അറബിയിലുള്ള സാഹിത്യ, ചരിത്ര രചനകൾ ഇവർ പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്.
'മുസ്ഹഫ് മസ്ജിദുൽ അഖ്സ' എന്ന പേരിലറിയപ്പെടുന്ന ഖുർആൻ പ്രതികൾ അച്ചടിക്കുന്ന ഏക പ്രസാധകരും ഇവരാണ്. ഗസ്സയിലെ ജനങ്ങൾക്ക് ലോകത്തിെൻറ പിന്തുണ ഇനിയും ആവശ്യമുണ്ടെന്നും വിജ്ഞാനത്തോട് അതിയായ സ്നേഹമുള്ള തലമുറയാണ് അവിടെ വളരുന്നതെന്നും സാമിർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഗസ്സയിൽ നിന്ന് നേരിട്ട് ലോകത്തിെൻറ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാൻ സാഹചര്യമില്ലാത്തതിനാൽ പ്രത്യേക അനുമതിയോടെ ഇൗജിപ്ത് വഴിയാണ് ഇവർ യു.എ.ഇയിലെത്തിയത്.
ഷാർജ പുസ്തകോൽസവത്തിൽ നിന്ന് ലഭിച്ച വൈവിധ്യപൂർണമായ വൈജ്ഞാനിക ഗ്രന്ഥങ്ങൾ ഗസ്സയിലെ ജനങ്ങൾക്ക് പരിചയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുസ്തകോത്സവത്തിൽ ഹാൾ നമ്പർ നാലിൽ ബൂത്ത് കെ11 ലാണ് സാമിർ മൻസൂറിെൻറ സ്റ്റാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.