അബൂദബി: മരണാനന്തര നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന് അബൂദബി ആരോഗ്യ വകുപ്പ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഏഴ് സർക്കാർ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഏകോപിപ്പിച്ച് ‘സനദ്കോം’ എന്ന പേരിലാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
മരണപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരുടെ അർഹതയുള്ള ഗുണഭോക്താക്കൾക്ക് വിരമിക്കൽ പെൻഷൻ ലഭിക്കുന്നതിനാവശ്യമായ മരണ സർട്ടിഫിക്കറ്റ് അനുവദിക്കുക, മയ്യിത്ത് ഖബറടക്കുന്നതിനുള്ള സൗകര്യം ഒരുക്കുക തുടങ്ങിയവ ഉൾപ്പെടെ വിവിധ സേവനങ്ങൾ ‘സനദ്കോ’മിലൂടെ ലഭ്യമാവും. ഇതു വഴി വിവിധ സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങാതെ ജനങ്ങൾക്ക് ഡിജിറ്റലായി സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
അബൂദബി ആരോഗ്യ വകുപ്പ്, ജുഡീഷ്യൽ വകുപ്പ്, പെൻഷൻ ഫണ്ട്, ഹെൽത്ത് സർവിസസ് കമ്പനി, പബ്ലിക് ഹെൽത്ത് സെന്റർ, ഡിസ്ട്രിബ്യൂഷൻ കമ്പനി, അൽഐൻ ഡിസ്ട്രിബ്യൂഷൻ കമ്പനി എന്നിവയുടെ സേവനങ്ങളാണ് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഏകോപിപ്പിച്ചിരിക്കുന്നത്. മരിച്ച പൗരന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ നടപടിക്രമങ്ങൾ ലളിതവും തടസ്സമില്ലാത്തതുമായി മാറ്റുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്വദേശികൾക്ക് മാത്രമായിരിക്കും ‘സനദ്കോം’ സേവനങ്ങൾ ഉപയോഗപ്പെടുത്താനാവുക. വൈകാതെ മുഴുവൻ നിവാസികളിലേക്കും സേവനങ്ങൾ വ്യാപിപ്പിക്കും. ഏഴ് സ്ഥാപനങ്ങളിലേയും സേവനങ്ങളെ ഏകോപിപ്പിക്കാൻ ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. ഓഫിസുകൾ കയറിയിറങ്ങാതെ തന്നെ മരിച്ച വ്യക്തിയുടെ കുടുംബങ്ങൾക്ക് ഇദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കാം. മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ‘സനദ്കോം’ വഴി ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നൂറ ഖാമിസ് അൽ ഖൈതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.