അബൂദബി: മേഘാലയക്ക് കത്രികപ്പൂട്ടിട്ട് സന്തോഷ് ട്രോഫി കനകകിരീടത്തില്‍ കര്‍ണാടക മുത്തമിടുമ്പോള്‍ പ്രവാസി മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. ശനിയാഴ്ച റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മേഘാലയ തകരുമ്പോള്‍ കര്‍ണാടകയുടെ വിജയത്തിനു പിന്നില്‍ അബൂദബിയില്‍ പ്രവാസിയായിരുന്ന ജേക്കബ് ജോണ്‍ കാട്ടൂക്കാരനുമുണ്ടായിരുന്നു. അതേസമയം, സന്തോഷ് ട്രോഫി ഫുട്ബാള്‍ ഫൈനല്‍ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളം 1-0ത്തിന് കര്‍ണാടകയോട് തോറ്റ നിര്‍ണായക ഗോളിനു പിന്നിലും ജേക്കബ് ജോണ്‍ നെടുന്തൂണായി. ജേക്കബിന്റെ ക്രോസിൽനിന്നാണ് വിജയഗോൾ പിറന്നത്.
അബൂദബി ഇന്ത്യന്‍ സ്കൂളില്‍ പഠിച്ച ജേക്കബ് ജോണ്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ എട്ടു വര്‍ഷത്തോളം പരിശീലനം നടത്തിയിരുന്നു. 2016ല്‍ കേരള അണ്ടര്‍ 17 ടീമിനുവേണ്ടി ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജഴ്സിയണിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിലും ഇടം നേടിയിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും ഇന്ത്യന്‍ ദേശീയ ടീമിന്റെയും മിഡ്ഫീല്‍ഡറായ സഹല്‍ അബ്ദുൽ സമദിനൊപ്പവും ജേക്കബ് ജോണ്‍ മുമ്പ് കളിച്ചിട്ടുണ്ട്. പ്രവാസികളായ ജോണ്‍ ലൂയി കാട്ടൂക്കാരന്റെയും സീമയുടെയും മകനാണ്. പുണെ ടി.സി.എസില്‍ ജോലി ചെയ്യുന്ന ഫ്രാന്‍സിസ് ജോണ്‍, അബൂദബി സെന്റ് ജോസഫ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി റോസലീന ജോണ്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇപ്പോള്‍ ബംഗളൂരു സ്പോർട്ടിങ് ക്ലബിന്റെ ഫോര്‍വേഡായ ജേക്കബ്, ബംഗളൂരു സെന്റ് ജോസഫ്സ് കോളജ് ബി.കോം ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിയാണ്.
2016ല്‍ പഞ്ചാബില്‍ നടന്ന ദേശീയ ജൂനിയര്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിലും ജേക്കബ് ജോണ്‍ കളിച്ചിരുന്നു. പ്രവാസ ലോകത്തുനിന്ന് കേരള ജൂനിയര്‍ ഫുട്ബാള്‍ ടീമില്‍ ഇടം നേടുന്ന ആദ്യ കളിക്കാരനായി. അന്ന് അര്‍മീനിയന്‍ പരിശീലകന് മിഖായേല്‍ സഖറിയയുടെ കീഴിലായിരുന്നു കളിയടവുകള്‍ പഠിച്ചത്. 2012ല്‍ അബൂദബിയില്‍ ആരംഭിച്ച ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി കണ്ടെത്തി പരിശീലിപ്പിച്ചെടുത്ത മികച്ച കളിക്കാരനാണ് ജേക്കബ് ജോണ്‍ കാട്ടൂക്കാരനെന്ന് അക്കാദമി പ്രസിഡന്റ് അറയ്ക്കല്‍ കമറുദ്ദീന് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.