ദുബൈ: വിമാനത്താവളത്തിലെത്തുന്നതിന് മുമ്പുതന്നെ റോബോട്ടുകളുടെ സഹായത്തോടെ ചെക് ഇൻ ചെയ്യാൻ സൗകര്യമൊരുക്കി എമിറേറ്റ്സ് എയർലൈൻ. ദുബൈ ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിലെ (ഡി.ഐ.എഫ്.സി) ഐ.സി.ഡി ബ്രൂക്ഫീൽഡിലാണ് ലോകത്തിലെ ആദ്യ ചെക് ഇൻ റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്. സാറ എന്നു പേരിട്ടിരിക്കുന്ന റോബോട്ടിന്റെ സഹായത്തോടെ യാത്രക്കാർക്ക് ഇവിടെയെത്തി മുൻകൂർ ചെക് ഇൻ ചെയ്യാം.
ചെക് ഇൻ ചെയ്യാൻ റോബോട്ടിന്റെ സഹായം ഏർപ്പെടുത്തുന്ന ആദ്യ എയർലൈനാണ് എമിറേറ്റ്സ്. യാത്രക്ക് നാല് മണിക്കൂർ മുതൽ 24 മണിക്കൂർ മുമ്പു വരെ ഇവിടെയെത്തി ചെക് ഇൻ പൂർത്തിയാക്കാം. രാവിലെ എട്ടു മുതൽ രാത്രി 10 വരെ ഈ സേവനം ലഭിക്കും. ഇവിടെ ചെക് ഇൻ ചെയ്യുന്ന യാത്രക്കാർക്ക് വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് എയർപോർട്ടിൽ എത്തിയാൽ മതിയാകും.
‘സാറ’ ആറു ലോക ഭാഷകൾ സംസാരിക്കും. ചെക് ഇൻ സേവനം മുതൽ ഹോട്ടൽ ബുക്കിങ് വരെയുള്ള വിവിധ കാര്യങ്ങൾ റോബോട്ട് ഉപയോഗിച്ച് പൂർത്തിയാക്കാനാവും. പോർട്ടബ്ൾ ചെക് ഇൻ റോബോട്ടുകൾ ഉപയോഗിക്കുന്ന ലോകത്തെ ആദ്യ വിമാനക്കമ്പനിയാണ് എമിറേറ്റ്സ്. എല്ലാ ചെക്കിങ് ഘടകങ്ങളും പൂർത്തീകരിക്കാൻ സാധിക്കുന്ന രൂപത്തിലാണ് റോബോട്ട് സംവിധാനിച്ചിരിക്കുന്നത്. ചെക്കിങ് പൂർത്തിയാക്കിയവരുടെ ബോർഡിങ് പാസുകൾ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്കോ ഇ-മെയിലിലേക്കോ അയച്ചുനൽകും.
മെഷീനിന്റെ ഹാർഡ്വെയർ, സോഫ്റ്റ്വെയർ സംവിധാനങ്ങളെല്ലാം യു.എ.ഇയിൽതന്നെ വികസിപ്പിച്ചതാണ്. 200ലധികം റോബോട്ടുകൾ അടുത്ത ഏതാനും വർഷങ്ങളിൽ വിവിധ വിമാനത്താവളങ്ങളിൽ പ്രവർത്തിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യഘട്ടം അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളങ്ങളിലേക്കും സാറ വൈകാതെയെത്തും. ട്രാൻസിറ്റ് യാത്രക്കാർക്ക് ‘സാറ’ വളരെ ഉപയോഗപ്രദമാകുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.